ന്യൂഡൽഹി: രാഹുൽ ഗാന്ധി വീണ്ടും കോൺഗ്രസ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കണമെന്ന് പാർട്ടി രാജ്യസഭാ എം.പിമാർ ആവശ്യപ്പെട്ടു. അദ്ധ്യക്ഷ സോണിയാ ഗാന്ധി ഇന്നലെ വിളിച്ച രാജ്യസഭാ എം.പിമാരുടെ വീഡിയോ കോൺഫറൻസ് യോഗത്തിലാണ് ആവശ്യമുയർന്നത്.
മുതിർന്ന നേതാവ് ദിഗ്‌വിജയ് സിംഗാണ് ആവശ്യം ആദ്യം ഉന്നയിച്ചത്. രാഹുൽ വീണ്ടും നേതൃത്വത്തിൽ വരണമെന്ന് പൊതുവിൽ ആവശ്യമുയർന്നിട്ടുണ്ടെന്നും കൊവിഡ് മഹാമാരി കാലത്ത് നടത്തിയ നീക്കങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. രാജീവ് സത്താവ്, ശക്തി സിംഗ് ഗോഹിൽ, നീരജ് ദാംഗി, കെ.സി വേണുഗോപാൽ തുടങ്ങിയവർ പിന്തുണച്ചു. ഇടക്കാല അദ്ധ്യക്ഷയായി സോണിയാഗാന്ധിയുടെ കാലാവധി ആഗസ്‌റ്റ് പത്തിന് പൂർത്തിയാകുകയാണ്. കോൺഗ്രസ് പ്രവർത്തക സമിതി ഉടൻ ചേർന്ന് സോണിയയുടെ കാലാവധി നീട്ടുകയോ, രാഹുലിനെ വീണ്ടും അദ്ധ്യക്ഷനാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുകയോ ചെയ്യും.