ന്യൂഡൽഹി: ഉത്തർപ്രദേശിൽ വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചാൽ പോക്കറ്റ് കാലിയാകും. വാഹനം ഓടിക്കുന്നതിനിടെ ഫോണിൽ സംസാരിക്കുന്നവർക്കുള്ള പിഴ പതിനായിരം രൂപയാക്കി ഉയർത്തിയിരിക്കയാണ് യോഗി ആദിത്യനാഥ് സർക്കാർ. ഇതുസംബന്ധിച്ച വിജ്ഞാപനം യു.പി ഗതാഗതമന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. ഇന്നലെ മുതൽ നിയമം പ്രാബല്യത്തിൽ വന്നു.
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം വാഹനം ഓടിക്കുന്നതിനിടെ ഫോൺ ഉപയോഗിക്കുന്നയാൾക്ക് നാലിരട്ടി അപകട സാദ്ധ്യതയുണ്ട്. റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗത നിയമങ്ങൾ കൂടുതൽ കർക്കശമാക്കിയതെന്ന് സർക്കാർ പറഞ്ഞു. നേരത്തെ ഇരുചക്ര വാഹനത്തിലെ പിൻസീറ്റ് യാത്രക്കാർക്കും യു.പി സർക്കാർ ഹെൽമെറ്റ് നിർബന്ധമാക്കിയിരുന്നു.