ന്യൂഡൽഹി: കൊവിഡിനെതിരെ പോരാടുന്ന ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും കൃത്യസമയത്ത് ശമ്പളം നൽകണമെന്നും അവരുടെ ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കരുതെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ശമ്പളം തടഞ്ഞ സംസ്ഥാനങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ മുഴുവനും നൽകിയെന്ന് ഉറപ്പാക്കി 7ന് സത്യവാങ്മൂലം സമർപ്പിക്കാൻ ജസ്റ്റിസ് അശോക് ഭൂഷണിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.
ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കി ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെപ്പറ്റി കോടതി കേന്ദ്രത്തോട് വിശദീകരണവും തേടി. കേസ് പത്തിലേക്കു മാറ്റി.
ഇതുസംബന്ധിച്ച ഹർജികളിൽ വാദം കേൾക്കുകയായിരുന്നു ജസ്റ്റിസുമാരായ ആർ. സുഭാഷ് റെഡ്ഡി, എം.ആർ. ഷാ എന്നിവരുൾപ്പെട്ട ബെഞ്ച്. സ്വകാര്യ ഡോക്ടറായ ആരുഷി ജയിനും യുണൈറ്റഡ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷനുമാണ് ഹർജിക്കാർ.
ആരോഗ്യപ്രവർത്തകരുടെ ശമ്പളം കുറയ്‌ക്കരുതെന്ന ജൂൺ 17ന്റെ കോടതി ഉത്തരവിന് അനുസൃതമായി പിറ്റേന്ന് തന്നെ എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, കർണാടക, ത്രിപുര ഒഴികെയുള്ള സംസ്ഥാനങ്ങൾ കൃത്യമായി ശമ്പളം നൽകിയിട്ടുണ്ടെന്നും ക്വാറന്റൈൻ കാലം അവധിയായി കണക്കാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യപ്രവർത്തകർക്ക് ശമ്പളം നൽകാനും ക്വാറന്റൈൻ സൗകര്യങ്ങൾ ഏർപ്പെടുത്താനും 24 മണിക്കൂറിനുള്ളിൽ സംസ്ഥാനങ്ങൾക്ക് ഉത്തരവ് നൽകാനായിരുന്നു അന്ന് സുപ്രീംകോടതിയുടെ കർശന നിർദ്ദേശം.
ഇക്കാര്യത്തിൽ കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങളും ഉത്തരവുകളും സംസ്ഥാനങ്ങൾ അനുസരിക്കുന്നില്ലെങ്കിൽ കേന്ദ്രം നിസഹായരായി ഇരിക്കേണ്ടതില്ല. ഉത്തരവ് അനുസരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ദുരന്ത നിവാരണ നിയമപ്രകാരം അതിനുള്ള അധികാരം കേന്ദ്രത്തിനുണ്ട്. അതനുസരിച്ചുള്ള നടപടികളും എടുക്കാം''- കോടതി പറഞ്ഞു.
മേയ് 15ന് കേന്ദ്രസർക്കാർ ഇറക്കിയ കൊവിഡ് മാർഗരേഖയിൽ ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റൈൻ നിർബന്ധമല്ലെന്ന് പറഞ്ഞിരുന്നു. ആ വ്യവസ്ഥ ഉപേക്ഷിക്കാമെന്നും ക്വാറന്റൈൻ നിഷേധിക്കില്ലെന്നും പിന്നീട് കേന്ദ്രം കോടതിയിൽ ഉറപ്പു നൽകി.