ന്യൂഡൽഹി: കൊവിഡ് പരിശോധനക്കെത്തിയ യുവതിയെ തെറ്റിദ്ധരിപ്പിച്ച് യോനീ സ്രവം എടുത്ത ലാബ് ജീവനക്കാരനെ പീഡനക്കേസിൽ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ അമരാവതിയിലെ കൊവിഡ് ട്രോമ സെന്റർ ലാബിലാണ് അസാധാരണ സംഭവം നടന്നത്. കൊവിഡ് പരിശോധനയ്ക്ക് യോനീ സ്രവം നിർബന്ധമാണെന്ന് യുവതിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു സാമ്പിൾ ശേഖരിച്ചത്.
24 കാരിയായ യുവതി ജോലി ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നായിരുന്നു പരിശോധനയ്ക്ക് എത്തിയത്. ഇരുപതോളം സഹപ്രവർത്തകരും ഇവർക്കൊപ്പമുണ്ടായിരുന്നു. ആദ്യ പരിശോധനയിൽ യുവതി കൊവിഡ് പോസിറ്റീവ് ആണെന്ന് പറഞ്ഞ ജീവനക്കാരൻ കൂടുതൽ വ്യക്തതയ്ക്ക് വേണ്ടി സ്വകാര്യ ഭാഗത്തെ സ്രവ സാമ്പിൾ അത്യാവശ്യമാണെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
സ്രവം നൽകി മടങ്ങിയ യുവതി പിന്നീട് അന്വേഷിച്ചപ്പോഴാണ് കൊവിഡിന് ഇത്തരത്തിൽ സ്രവപരിശോധനയില്ലെന്ന് മനസിലാക്കിയത്. തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി. ബലാത്സംഗ കുറ്റം ചുമത്തിയാണ് ടെക്നീഷ്യനെതിരെ കേസെടുത്തത്.