ന്യൂഡൽഹി: കൊവിഡ് മുക്തി നേടി മടങ്ങിയെത്തിയ മന്ത്രിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് വൻ സ്വീകരണം ഏർപ്പെടുത്തിയ എ.ഐ.എ.ഡി.എം.കെ പാർട്ടി നടപടി വിവാദത്തിൽ. തമിഴ്‌നാട് സഹകരണ മന്ത്രി സെല്ലൂർ രാജുവാണ് കൊവിഡ് മുക്തമായത്. ചെന്നൈയിലെ ആശുപത്രിയിൽ നിന്ന് സ്വദേശമായ മധുരയിൽ എത്തിയ രാജുവിന് എ.ഐ.എ.ഡി.എം.കെ. പ്രവർത്തകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്. തമിഴ്‌നാട്ടിൽ കൊവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെയാണ് സാമൂഹിക അകലം ഉൾപ്പെടെയുളള കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയുളള സ്വീകരണം.
കാറിലാണ് മന്ത്രി വന്നിറങ്ങിയത്. ചുറ്റും പാർട്ടി പ്രവർത്തകർ കൂടി നിൽക്കുന്നത് കാണാം. പടക്കം പൊട്ടിച്ചാണ് വരവേറ്റത്. തുടർന്ന് നേതാവിനെ ആനയിച്ച് അകത്തേയ്ക്ക് വിളിച്ചു കൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സാമൂഹിക അകലം ഉൾപ്പെടെയുള്ള സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽപറത്തിയും തടിച്ചുകൂടിയ നൂറോളം പാർട്ടി പ്രവർത്തകരാണ് മന്ത്രിയെ സ്വീകരിച്ചത്.
ചെന്നൈയിലെ എം.ഐ.ഒ.ടി ആശുപത്രിയിലായിരുന്നു സെല്ലൂർ രാജു ചികിത്സയിൽ കഴിഞ്ഞിരുന്നത്.