ന്യൂഡൽഹി: എസ്.പി.ജി സുരക്ഷയുള്ള സമയത്ത് ലഭിച്ച ഡൽഹി ലോധി എസ്‌റ്റേറ്റിലെ സർക്കാർ ബംഗ്ളാവിൽ നിന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഗുരുഗ്രാമിലെ വാടക ഫ്ളാറ്റിലേക്ക് താമസം മാറ്റി. രണ്ടുമാസത്തിനു ശേഷം ഡൽഹിയിലെ മറ്റൊരു വാടക വീട്ടിലേക്ക് താമസം മാറ്റും.
എസ്.പി.ജി സുരക്ഷ ഒഴിവാക്കിയതിനാൽ ഒരുമാസത്തിനുള്ളിൽ സർക്കാർ ബംഗ്ളാവ് ഒഴിയണമെന്ന് ജൂലായ് ഒന്നിന് കേന്ദ്ര പാർപ്പിടകാര്യ മന്ത്രാലയം പ്രിയങ്കാ ഗാന്ധിക്ക് നോട്ടീസ് നൽകിയിരുന്നു. 1997 മുതൽ പ്രിയങ്ക താമസിക്കുന്ന വീടാണിത്. നിലവിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായ പ്രിയങ്കയ്‌ക്ക് ഭാവിയിൽ പാർട്ടിയിൽ കൂടുതൽ ഉത്തരവാദിത്വങ്ങൾ ലഭിക്കാനിടയുള്ളത് പരിഗണിച്ചാണ് ഡൽഹിയിൽ മറ്റൊരു വീട് തയ്യാറാക്കുന്നത്. അതുവരെ തത്‌കാലം ഗുരുഗ്രാമിൽ തുടരും. യു.പിയുടെ ചുമതലയുള്ള പ്രിയങ്കയ്‌ക്കായി ലക്‌നൗവിലും വീട് തയ്യാറാക്കുന്നുണ്ട്.