modi

ന്യൂഡൽഹി: അഞ്ചിന് രാമക്ഷേത്ര ഭൂമിപൂജാ ചടങ്ങിൽ പങ്കെടുക്കാനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മൂന്നു മണിക്കൂറോളം അയോദ്ധ്യയിൽ ചെലവിടുമെന്ന് രാമക്ഷേത്ര ട്രസ്‌റ്റ് അറിയിച്ചു. രാവിലെ 11.15നാണ് പ്രധാനമന്ത്രി ഡൽഹിയിൽ നിന്ന് എത്തുക. 12.15നാണ് ക്ഷേത്ര തറക്കല്ലിടലിന് സമയം. അതിന് മുൻപ് മോദി ഹനുമാൻ ഘഡി ക്ഷേത്രത്തിൽ ദർശനം നടത്തും.

പ്രധാനമന്ത്രിക്കൊപ്പം ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ക്ഷേത്ര ട്രസ്‌റ്റ് മേധാവി മഹന്ത് നൃത്യ ഗോപാൽദാസ് എന്നിവർ ഭൂമിപൂജാ ചടങ്ങു നടക്കുന്ന സ്ഥലത്ത് തയ്യാറാക്കിയ വേദി പങ്കിടും. രണ്ടു മണിക്ക് പ്രധാനമന്ത്രി ഡൽഹിക്ക് മടങ്ങും.

ഒരു പൂജാരിക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചടങ്ങിൽ പങ്കെടുക്കുന്ന എല്ലാവർക്കും കൊവിഡ് പരിശോധന നടത്താൻ യു.പി സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.