congress

ന്യൂഡൽഹി: യു.പി.എ ഭരണകാലത്തെ അഴിമതിയാണ് കോൺഗ്രസിന്റെ പതനത്തിനും ഭരണ നഷ്‌ടത്തിനും ഇടയാക്കിയതെന്നും നരേന്ദ്രമോദി സർക്കാരിന്റെ വീഴ്‌ചകൾ തുറന്നു കാട്ടാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും പാർട്ടി അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ച യോഗത്തിൽ വിമർശനം. രാജ്യസഭാ അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ യുവ നേതാക്കളിൽ നിന്നാണ് വിമർശനമുയർന്നത്.

മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് നിശബ്‌ദമായി വിമർശനം കേട്ടിരുന്നു.

യു.പി.എ സർക്കാരിന്റെ ഭാഗമായിരുന്നവർ പാർട്ടിയുടെ ക്ഷയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന് യുവ നേതാക്കൾ പറഞ്ഞത് മുൻ കേന്ദ്രമന്ത്രിമാർ അടക്കമുള്ള മുതിർന്ന നേതാക്കൾ എതിർത്തതോടെ ബഹളമായി.

കൊവിഡ് പ്രതിസന്ധി, സമ്പദ്‌വ്യവസ്ഥയുടെ തളർച്ച, ചൈനാ അതിർത്തി തർക്കം തുടങ്ങിയ വിഷയങ്ങളിൽ കേന്ദ്രസർക്കാരിനെ പ്രതിരോധത്തിലാക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് ഒരു മുതിർന്ന നേതാവ് പരാതിപ്പെട്ടതാണ് തർക്കങ്ങളുടെ തുടക്കം. മോദിയുടെ പിന്തുണ തകർക്കാനും സർക്കാരിനെ ആക്രമിക്കാനും കഴിയാത്ത അവസ്ഥയിലാണ് പാർട്ടിയെന്നും നേതാവ് പറഞ്ഞു. ഇതോടെ യുവ നേതാക്കൾ യു.പി.എ കാലത്തെ അഴിമതി അടക്കമുള്ള വിഷയങ്ങൾ പാർട്ടിയെ എങ്ങനെയാണ് ക്ഷയിപ്പിച്ചതെന്ന കഥ വിവരിച്ചു. ഇതിനെ മുതിർന്ന നേതാക്കൾ എതിർത്തതോടെ നാലുമണിക്കൂർ നീണ്ട വീഡിയോ കോൺഫറൻസ് യോഗം ബഹളമയമായി.

രാഹുൽ ഗാന്ധിയുടെ പഴയ സംഘത്തിലെ പ്രധാനി ആയിരുന്ന രാജീവ് സതാവാണ് മുതിർന്ന നേതാക്കൾക്കെതിരെയുള്ള ആക്രമണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. രാഹുൽ ഗാന്ധി വീണ്ടും നേതൃത്വം ഏറ്റെടുക്കണമെന്നും രാജീവ് ആവശ്യപ്പെട്ടു.