ge

ന്യൂഡൽഹി: രാജസ്ഥാൻ നിയമസഭാ സമ്മേളനം ചേരുന്ന ആഗസ്‌റ്റ് 14വരെ കാലുമാറ്റം തടയാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ പിന്തുണയ്‌ക്കുന്ന എം.എൽ.എമാരെ ജയ്‌പൂരിലെ ഹോട്ടലിൽ നിന്ന് ജയ്‌സാൽമീരിലെ റിസോർട്ടിലേക്ക് മാറ്റി. ആഗസ്‌റ്റ് 17ന് ഗെലോട്ട് സഭയിൽ വിശ്വാസ വോട്ടെടുപ്പ് തേടുമെന്നും സൂചനയുണ്ട്.

102 പേരുടെ പിന്തുണ അവകാശപ്പെടുന്ന ഗെലോട്ട് കൂടുതൽപ്പേർ സച്ചിൻ പൈലറ്റിനൊപ്പം വിമത ക്യാമ്പിലേക്ക് പോകുന്നത് ത‌ടയാനാണ് സുരക്ഷിതമായി ജയ്‌സാൽമീരിലേക്ക് മാറ്റിയത്. 54 എം.എൽ.എമാരെയാണ് ചാർട്ടേഡ് വിമാനത്തിൽ കൊണ്ടുപോയത്. ബാക്കിയുള്ളവരെയും ഉടൻ മാറ്റുമെന്ന് കോൺഗ്രസ് അറിയിച്ചു. എം.എൽ.എമാരെ ജൂലായ് 18നാണ് ജയ്‌പൂർ ഹോട്ടലിലേക്ക് മാറ്റിയത്.

അതിനിടെ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചെന്ന കേസിൽ മൊഴിയെടുക്കാനെത്തിയ രാജസ്ഥാൻ പൊലീസ് പ്രത്യേക സെല്ലിലെ ഉദ്യോഗസ്ഥരെ വിമത എം.എൽ.എമാർ താമസിക്കുന്ന ഹരിയാനയിലെ ഹോട്ടലിലേക്ക് കടത്തിയില്ല. എം.എൽ.എമാരെ കാണാൻ പൊലീസ് മുമ്പ് നടത്തിയ ശ്രമവും പരാജയപ്പെട്ടിരുന്നു.

അതേസമയം കോൺഗ്രസ് എം.എൽ.എമാരെ സ്വാധീനിക്കാൻ ബി.ജെ.പി നേതാക്കൾ നടത്തിയതെന്ന് പറയുന്ന ഫോൺ സംഭാഷണത്തിന്റെ ശബ്‌ദ പരിശോധനയ്ക്കായി പൊലീസ് രാജസ്ഥാൻ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ അറസ്‌റ്റിലായ വ്യവസായി സഞ്ജയ് ജെയിനിന്റെ ശബ്‌ദം പരിശോധിക്കാനുള്ള അനുമതി തേടിയാണ് കോടതിയെ സമീപിച്ചത്.