കോലഞ്ചേരി: മുറുക്ക് കുറയുന്നില്ല, പിരിമുറക്കം മാറി വെറ്റില കർഷകർ. കൊവിഡിൽ വില ഇടിയുമെന്ന് പ്രതീക്ഷിച്ചെങ്കിലും വെറ്റിലയുടെ വിപണി സുരക്ഷിതം. മുറുക്കിനല്ലാതെ വിവിധ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായാണ് വെറ്റില വിപണി നേരത്തെ പിടിച്ചു നിന്നത്. എന്നാൽ ദക്ഷിണയും, താംബൂല പ്രശ്നങ്ങളും ലോക്കായതോടെ വിലയിടിയുമെന്ന് കരുതിയെങ്കിലും വെറ്റില കർഷകർക്ക് കൊവിഡിൽ കോളടിച്ചു. പരമ്പരാഗത കൃഷികളിൽ ഇനി അവശേഷിക്കുന്ന ഒന്നാണ് വെറ്റില കൃഷി. കൊവിഡിനു തൊട്ടു മുമ്പ് വരെ വില കൈ ഒന്നിന് (വെറ്റില വില കൈ കണക്കാണ് ഒരു കൈ വലിയ വെറ്റില ആണെങ്കിൽ 250-300 എണ്ണവും, ഇടത്തരമായാൽ 300-350 എണ്ണവും കാണും) 200-250 രൂപയായിരുന്നു. എന്നാൽ ഇന്ന് വില 300-350 ലെത്തി. ലോക്ക് ഡൗണിന് മുമ്പ് വില കിട്ടാതായതോടെ കൃഷി ഉപേക്ഷിക്കാൻ വരെ കർഷകർ തയ്യാറെടുത്തതാണ് ഇനി പിടിച്ചു നില്ക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന്
നാലര പതിറ്റാണ്ടായി വെറ്റില കൃഷി രംഗത്ത് തുടരുന്ന പട്ടിമറ്റം ചെങ്ങര സ്വദേശിയായ കർഷകൻ ഒ.വി രവീന്ദ്രൻ പറഞ്ഞു.
അന്യ സംസ്ഥാനങ്ങളിൽ നിന്നും പാൻ വാലകൾക്കു വേണ്ടി വെറ്റില വന്നിരുന്നു. ഇവരുടെ കച്ചവടം ലോക്കായതോടെ വരവു നിന്നതും നാടൻ വെറ്റിലയ്ക്ക് പ്രിയമേറ്റി. ഇവിടെ നിന്നും പ്രധാനമായും വെറ്റില കയറ്റി അയക്കുകയായിരുന്നു പതിവ്. ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കായിരുന്നു മലയാളി വെറ്റിലയുടെ പ്രൗഢി കടന്നു ചെന്നിരുന്നത്.
ലോക്ക് ഡൗണിൽ കയറ്റുമതി ഗണ്യമായി കുറഞ്ഞുവെങ്കിലും വിപണി വിലയെ ബാധിച്ചില്ല. ആയുർവേദത്തിൽ പല ഔഷധങ്ങൾക്കും കൂട്ടായി വെറ്റില ഉപയോഗിച്ചു വരുന്നുണ്ട്. കുട്ടികൾക്കുള്ള രോഗങ്ങൾ, ഗ്യാസ് ശല്യം എന്നിവക്കുള്ള പ്രധാന മരുന്നിലൊന്നുമാണിത് ജീവകം സി, തയാമിൻ, നിയാസിൻ, റൈബോഫ്‌ളേവിൻ, കരോട്ടിൻ എന്നിവ വെറ്റിലയിൽ അടങ്ങിയിട്ടുണ്ട്. നല്ലൊരു വേദനസംഹാരി കൂടിയാണ് വെറ്റില.