പറന്നു കയറിയ കോഴി വിലയുടെ കുതിപ്പ് നിന്നു. ഇനി വില താഴേയ്ക്ക്.
കോലഞ്ചേരി:പറന്നു കയറിയ കോഴി വിലയുടെ കുതിപ്പ് നിന്നു. ഇനി വില താഴേയ്ക്ക്. ഉത്പാദനം കൂടിയതാണ് കാരണം.
ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് തമിഴ്‌നാട്ടിൽ നിന്നുള്ള കോഴി കുഞ്ഞുങ്ങളെ കൊണ്ടുവന്നുതുടങ്ങിയിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള ഇറച്ചിക്കോഴി വരവ് കുറയുകയും ചെയ്തു. വില 140 വരെ പറന്ന് പൊങ്ങിയെങ്കിലും 90-95 ൽ ഇടിച്ചു നില്ക്കുകയാണിപ്പോൾ.
തമിഴ്‌നാട്ടിൽ നിന്നുള്ള ലോറികൾ മുടങ്ങിയതോടെ ഇവിടത്തെ ഫാം ഉടമകൾ സ്റ്റോക്ക് ഉണ്ടായിരുന്ന കോഴിക്ക് വില കൂട്ടി വിറ്റതാണ് വില ഉയരാൻ കാരണമായി പറയുന്നത്. ഇതിനിടെ സർക്കാർ വില നിശ്ചയിച്ചെങ്കിലും വില്പനയ്ക്ക് ഫാം ഉടമകൾ തയ്യാറായില്ല. അതിനനുസരിച്ച് റീട്ടെയ്ൽ വിലയും കൂടി. ഇതിനെതിരെ വ്യാപാരികൾ ജൂൺ 8ന് കടകൾ അടച്ച് സമരവും നടത്തിയിരുന്നു.
കോഴി കുഞ്ഞുങ്ങളെ വാങ്ങി 45 ദിവസം വളർത്തി വിൽക്കുന്ന 600 ഫാമുകൾ ജില്ലയിലുണ്ട്. നൂറോളം കർഷകരാണ് നടത്തിപ്പുകാർ. ഓരോ ഫാമും 5000 മുതൽ 10,000 വരെ കോഴി കുഞ്ഞുങ്ങളെ വളർത്തി വലുതാക്കി നൽകുന്നു. ഒരു കോഴിയെ 45 ദിവസം വളർത്തി, കൊടുക്കുമ്പോൾ കർഷകന് ലഭിക്കുന്നത് 8 രൂപ. ഒരു കോഴിയെ ഇറച്ചി പ്രായമാക്കാൻ ഫാം ഉടമയ്ക്ക് 80 രൂപ ചിലവു വരും.ജില്ലയിൽ ഒരു ദിവസം വിതരണത്തിന് 50 ലോഡ് ഇറച്ചിക്കോഴി വരുന്നുണ്ട്. ചടങ്ങുകൾ മുടങ്ങുകയും ഹോട്ടലുകളിലും മറ്റും വിൽപന കുറഞ്ഞതും കോഴിക്കച്ചവടത്തെ തളർത്തി.
പക്ഷി പനിയായിരുന്നു മേഖലയ്ക്കേറ്റ ആദ്യ തിരിച്ചടി, തൊട്ടു പിന്നാലെ കൊവിഡുമെത്തി. കിട്ടിയ വിലയ്ക്ക് വിറ്റാണ് കോഴികളെ ഫാമിൽ നിന്നും ഒഴിവാക്കിയത്. കോടികൾ നഷ്ടപ്പെട്ട ഫാമുടമകൾ നിരവധിയാണ്. മൊത്ത വില 90 രൂപയെങ്കിലും ലഭിച്ചാൽ മാത്രമാണ് നഷ്ടമില്ലാതെ മുന്നോട്ടു പോകാനാകൂ
ലാൽ, ഫാമുടമ, കോടനാട്