കൊച്ചി: കടവന്ത്ര പൊലീസ് സ്റ്റേഷന് സമീപമുള്ള കാനയുടെ നിർമ്മാണം ഉടൻ തന്നെ പൂർത്തിയാക്കാൻ കൊച്ചി കോർപ്പറേഷൻ മേയറുടെ നിർദ്ദേശം.ആർക്കും ഉപകാരമില്ലാത്ത എങ്ങും എത്താത്ത കാനയെ കുറിച്ച് കഴിഞ്ഞ ചൊവ്വാഴ്ച കേരളകൗമുദി വാർത്ത നൽകിയിരുന്നു. ഇതേതുടർന്നാണ് മേയർ സൗമിനി ജെയിൻ ഇടപെട്ടത്. മാർക്കറ്റ് ഭാഗത്തേക്കുള്ള കാനയുടെ നിർമ്മാണം പാതിവഴിയിലായതോടെ വെള്ളക്കെട്ടടക്കമുള്ള പ്രശ്നങ്ങൾക്ക് വഴിവച്ചിരുന്നു.
ലോക്ക് ഡൗണിന് മുമ്പു തന്നെ പണി പാതിവഴിയിൽ നിർത്തി കരാറുകാർ സ്ഥലം വിടുകയായിരുന്നു.അമൃത് പദ്ധതിയുടെ ഭാഗമായാണ് കാനയുടെ പണി നടന്നതെന്ന് മേയർ പറഞ്ഞു. കൊവിഡ് ഭീതിയെ തുടർന്ന് അന്യ സംസ്ഥാന തൊഴിലാളികൾ ഒന്നടങ്കം നാട്ടിലേക്ക് പോയത് മുഴുവൻ പ്രവൃത്തികളെയും ബാധിച്ചിരിക്കുകയാണ്. നടപ്പാതയുടെ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളും ഇതോടൊപ്പം നടക്കും.മേയർ പറഞ്ഞു.
കടവന്ത്ര സ്റ്റേഷന് തൊട്ടടുത്ത് ജി.സി.ഡി.എ യുടെ അധീനതയിലുള്ള സ്ഥലത്തുവച്ചാണ് കാനയുടെ പണി നിർത്തിയത്.പേരണ്ടൂർ കനാലിലേക്ക് ഒഴുകുന്ന ചെറിയ തോടുമായി ബന്ധിപ്പിക്കാതെ പണി അവസാനിപ്പിച്ചതിൽ നാട്ടുകാർ ക്ഷുഭിതരാണ്. ശക്തമായി ഒരു മഴ പെയ്താൽ കാന നിറഞ്ഞ് വെള്ളം റോഡിലേക്ക് എത്തും. കാനയുടെ തൊട്ടടുത്തു കൂടി മാവേലിറോഡിൽ നിന്ന് പേരണ്ടൂർ തോട്ടിലേക്ക് കടന്നുപോകുന്ന മറ്റൊരു കാനയുണ്ട്. സ്ളാബ് ഒന്നുയർത്തിയാൽ ഈ കാനയിലേക്ക് വെള്ളം ഒഴുക്കിവിടാമായിരുന്നു. എന്നാൽ അങ്ങനെയൊരു ശ്രമവും കരാറുകാരന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് സമീപവാസികൾ പറയുന്നു. അതേസമയം ഇൻഡോർ സ്റ്റേഡിയത്തിൽ നിന്നുൾപ്പെടെ ഒഴുകിയെത്തുന്ന വെള്ളം കടവന്ത്ര പൊലീസ് സ്റ്റേഷൻ കെട്ടിടത്തിനടിയിലൂടെ കടന്നുപോകുന്ന കാനവഴി പിന്നിലുള്ള തോട്ടിലെക്കെത്തുന്നതിനാൽ ഈ ഭാഗത്ത് വെള്ളക്കെട്ടുണ്ടാകില്ലെന്ന് അമൃത് പദ്ധതി കരാറുകാർ പറഞ്ഞു