ഫോർട്ടുകൊച്ചി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടൽ കവർന്നത് കൊച്ചിയുടെ 200 ഏക്കർ തീരഭൂമി. ചരിത്ര ശേഷിപ്പുകൾ ഉറങ്ങുന്ന തീരം കടലെടുത്തതോടെ അനന്തമായ ടൂറിസം സാദ്ധ്യതകൾക്കും മങ്ങലേറ്റു. ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെയുള്ള തീരമാണ് നഷ്ടപ്പെട്ടത്. ആഗോളതാപനവും അന്തരീക്ഷ ഊഷ്മാവിന്റെ മാറ്റങ്ങളുമാണ് കടൽ കയറ്റത്തിന് പ്രധാന കാരണമായി പറയുന്നത്. പുലിമുട്ടുകൾ കെട്ടി തീരം സംരക്ഷണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
നടന്നുപോയ വഴി
89- 90 കാലഘട്ടങ്ങളിൽ തീരം വഴി കൊച്ചി മുതൽ ആലപ്പുഴ വരെ നടന്ന് പോകാമായിരുന്നു. കൊച്ചിരാജ ഭരണ കാലവും ചൈന,ഡച്ച്, പോർച്ചുഗീസ്, ബ്രിട്ടീഷ് ഭരണ കാഘലട്ടത്തിലും സുപ്രധാനമായ കേന്ദ്രമായിരുന്നു കൊച്ചി തീരം. തീരത്ത് കണ്ടെത്തിയ ഇമാനുവൽ കോട്ടയുടെ തിരുശേഷിപ്പുകൾ ഇതിന് തെളിവാണ്. കൊച്ചിയുടെ പുതുവത്സരാഘോഷ വേദി കൂടിയാണ് കടലെടുത്ത് ഇല്ലാതായത്. വിനോദ സഞ്ചാരികൾക്ക് വരെ പ്രിയപ്പെട്ടതായിരുന്നു ഈ തീരം.
ചീനവലകളും പോയി
രൂക്ഷമായ കടൽകയറ്റം മൂലം തീരത്തെ നിരവധി ചീനവലകളാണ് ഇല്ലാതായത്. അടിയൊഴുക്കിലുണ്ടായ ഗതി മാറ്റമാണ് തീരമില്ലാതാക്കുന്നതിന്റെ കാരണമെന്നാണ് മത്സ്യതൊഴിലാളികൾ പറയുന്നത്. കഴിഞ്ഞ ദിവസത്തെ ശക്തമായ കടൽക്ഷോഭത്തിൽ ഫോർട്ടുകൊച്ചി ബീച്ചിലെ ഇരിപ്പിടങ്ങളും സ്റ്റീൽ കമ്പിവേലികളും നടപ്പാതകളും തകർന്നു. ചെല്ലാനത്തെ പല വാർഡുകളിലും കടലിന്റെ കടലേറ്റ ഭീതിയിലാണ്.ജിയോ ബാഗും ട്യൂബും വെറും പ്രഹസനമായി മാറിയെന്നാണ് ആക്ഷേപം.
വർഷങ്ങളായി കടൽക്ഷോത്തിന്റെ ദുരിതം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കടൽഭിത്തി കെട്ടാൻ കല്ല് കിട്ടുന്നില്ലെന്നാണ് അതികൃധർ പറയുന്നത്. അടുത്തിടെ ജിയോ ട്യൂബും ബാഗും സ്ഥാപിച്ചു. കുറച്ചു പേരുടെ കീശ വീർത്തതല്ലാതെ യാതൊന്നും നടന്നില്ല. ഫോർട്ടുകൊച്ചി മുതൽ ചെല്ലാനം വരെ ദ്രോണാചാര്യ മോഡൽ കടൽഭിത്തി വേണം. അത് മാത്രമാണ് ശാശ്വത പരിഹാരം.
സെബാസ്റ്റ്യൻ,
സൗത്ത് ചെല്ലാനം.
ചരിത്ര ശേഷിപ്പിന്റെ അവശിഷ്ടങ്ങൾ വരെ കൊച്ചി തീരത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. ഇതാണ് അഞ്ച് വർഷത്തിനിടെ ഇല്ലാതായത്. കൊച്ചിയുടെ സ്വപ്ന തീരം വിദേശികൾക്കും സ്വദേശികൾക്കും ഇന്ന് അന്യമായിക്കൊണ്ടിരിക്കുകയാണ്.
എം.എം.സലിം
ചരിത്രകാരൻ