മത്തിയുടെ ലഭ്യത കുറഞ്ഞു, നെത്തോലി കുതിച്ചു കയറി

കൊച്ചി: മത്തിയുടെ ലഭ്യത കഴിഞ്ഞ ഇരുപത് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തിയ കഴിഞ്ഞ വർഷം മലയാളിയുടെ തീൻ മേശയിൽ നെത്തോലി (കൊഴുവ) നമ്പർ വണ്ണായി.

2018ൽ സംസ്ഥാനത്ത് 77,093 ടൺ മത്തി ലഭിച്ചപ്പോൾ 2019 ൽ 44,320 ടണ്ണായി കുറഞ്ഞു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെ (സി.എം.എഫ്.ആർ.ഐ) വാർഷിക പഠനറിപ്പോർട്ടനുസരിച്ച് കേരളത്തിലെ മത്സ്യ ലഭ്യതയിൽ 74,194 ടൺ ലഭിച്ച നെത്തോലിയാണ് ഒന്നാമത്. ക്ലാത്തിക്കും ചെമ്മീനും ശേഷമാണ് മത്തിയുടെ സ്ഥാനം. 2018 ൽ ഒന്നാമതായിരുന്ന അയല ലഭ്യതയിൽ 50 ശതമാനം കുറഞ്ഞ് അഞ്ചാം സ്ഥാനത്തായി.

ഫിഷറി റിസോഴ്‌സസ് അസസ്‌മെന്റ് വിഭാഗമാണ് കണക്കുകൾ തയ്യാറാക്കിയത്.

കഴിഞ്ഞവർഷത്തെ സംസ്ഥാനത്തിന്റെ മൊത്ത മത്സ്യലഭ്യതയിൽ മുൻവർഷത്തേക്കാൾ 15.4 ശതമാനം കുറവുണ്ടായപ്പോൾ രാജ്യത്തെ സമുദ്രമത്സ്യോത്പാദനം 2.1 ശതമാനം വർദ്ധിച്ചു. രാജ്യത്തെ സമുദ്രമത്സ്യോത്പാദനത്തിൽ ഗുജറാത്തിനെ പിന്തള്ളി തമിഴ്‌നാട് മുന്നിലെത്തി. കേരളം മൂന്നാം സ്ഥാനം നിലനിറുത്തി.

 സാമ്പത്തിക മൂല്യം കൂടി

ഇന്ത്യയിൽ ആകെ ലഭിച്ചത് 35.6 ലക്ഷം ടൺ മത്സ്യമാണ്. ആകെ മത്സ്യലഭ്യതയിൽ 21.7 ശതമാനവും തമിഴ്‌നാട്ടിൽ നിന്നാണ്. കേരളത്തിന്റെ സംഭാവന 15.3 ശതമാനം. രാജ്യത്തെ ലാൻഡിംഗ് സെന്ററുകളിൽ വിറ്റഴിക്കപ്പെട്ടത് 60,881 കോടി രൂപയുടെ മത്സ്യമാണ്. ചില്ലറ വ്യാപാരകേന്ദ്രങ്ങളിൽ 92,356 കോടി രൂപയുടെ മീൻവിറ്റു.

കേരളത്തിലെ മത്സ്യലഭ്യത

1. നെത്തോലി - 74,194 ടൺ
2. ക്ലാത്തി - 62, 782 ടൺ
3. ചെമ്മീൻ - 46, 615 ടൺ
4. മത്തി - 44, 320 ടൺ
5. അയല - 40,554 ടൺ

''സമുദ്ര ആവാസവ്യവസ്ഥയിലെ മാറ്റങ്ങൾ മത്തിയുടെ വളർച്ചയെ കാര്യമായി ബാധിച്ചതാണ് ലഭ്യത കുറയാൻ കാരണം. കഴിഞ്ഞ വർഷമുണ്ടായ എട്ട് ചുഴലിക്കാറ്റുകൾ മത്സ്യബന്ധനത്തിന് പോകുന്ന ദിവസങ്ങളിലും കുറവുണ്ടാക്കി.''

ഡോ.എ. ഗോപാലകൃഷ്ണൻ

ഡയറക്ടർ, സി.എം.എഫ്.ആർ.ഐ