real-estate

കൊച്ചി: കൊവിഡ് ഭീതിയിലും കേരളം ജീവിക്കാൻ സുരക്ഷിതമെന്ന് പ്രവാസികൾ തിരിച്ചറിഞ്ഞതോടെ, ലോക്ക്ഡൗണിൽ പ്രതിസന്ധിയിലായ റിയൽ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണർവ്. സംസ്ഥാനത്തെ ഫ്ളാറ്റുകൾക്ക് ബുക്കിംഗും അന്വേഷണവും ഒരു മാസത്തിനിടെ വർദ്ധിച്ചതായി നിർമ്മാതാക്കൾ പറയുന്നു. നിർമ്മാണം പൂർത്തിയാക്കി താമസിക്കാൻ സജ്ജമായ ഫ്ളാറ്റുകൾക്കാണ് ഡിമാൻഡ്. നിർമ്മാണം പൂർത്തിയായ ചെറുകിട, ഇടത്തരം ഫ്ളാറ്റുകൾ ഡിസംബറോടെ വിറ്റുതീർന്നാലും അദ്ഭുതപ്പെടാനില്ല.

പ്രതിസന്ധി മൂലം നാട്ടിലേക്ക് മടങ്ങാനോ കുടുംബത്തെ മാറ്റാനോ ലക്ഷ്യമിട്ടാണ് പലരും ഫ്ളാറ്റുകൾ തെരയുന്നത്. മക്കളുടെ പഠനം കേരളത്തിലേക്ക് മാറ്റാനും ഫ്ളാറ്റ് അന്വേഷിക്കുന്നവരുണ്ട്. ഗൾഫിലെ സ്ഥിതിഗതികൾ വിലയിരുത്തി മൂന്നോ നാലോ മാസത്തിനകം തീരുമാനം അറിയിക്കാമെന്നാണ് പ്രവാസികൾ നിർമ്മാതാക്കൾക്ക് നൽകുന്ന ഉറപ്പ്. എന്നാൽ, ആഡംബര ഫ്ളാറ്റുകൾക്ക് കാര്യമായ അന്വേഷണമില്ല. 50 മുതൽ 75 ലക്ഷം രൂപവരെ വിലയുള്ള ഫ്ളാറ്റുകളാണ് വേണ്ടത്. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം നഗരങ്ങളിലാണ് കൂടുതൽ താത്പര്യം. മുംബയ്, പൂനെ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിൽ ഫ്ളാറ്റുകൾ വാങ്ങിയിരുന്ന മലയാളികളിൽ ചിലരും കേരളത്തിലെ പദ്ധതികളിൽ താത്പര്യമറിയിച്ചിട്ടുണ്ട്.

അനുകൂല ഘടകങ്ങൾ

 കൊവിഡിനെ നേരിടുന്ന കേരളത്തിന്റെ മികവ്

 പൂർത്തിയായ 10,000ത്തിലേറെ ഫ്ളാറ്റുകൾ

 ഭവനവായ്പാ പലിശ ബാങ്കുകൾ കുറച്ചു

 കേന്ദ്ര - സംസ്ഥാന സർക്കാർ ഇളവുകൾ

''നിർമ്മാണം പൂർത്തിയാക്കാൻ ഒന്നോ രണ്ടോ വർഷം കാത്തിരിക്കാൻ പ്രവാസികൾ തയ്യാറല്ല. ഉടൻ താമസിക്കാവുന്ന ഫ്ളാറ്റുകളോടാണ് താത്പര്യം""

-എസ്.എൻ. രഘുചന്ദ്രൻനായർ

എസ്.ഐ പ്രോപ്പർട്ടി മാനേജിംഗ് ഡയറക്‌ടർ

 ഫ്ളാറ്റുകൾക്ക് ആവശ്യക്കാർ വർദ്ധിച്ചതിനാൽ ഡിസംബറോടെ പ്രതിസന്ധി അകലുമെന്നാണ് പ്രതീക്ഷ. അടുത്ത മാർച്ചിന് ശേഷം റിയൽ എസ്റ്റേറ്റ് മേഖല പഴയ നിലയിലാകും.

-രവി ജേക്കബ്

പ്രസിഡന്റ്

ക്രെഡായ് കൊച്ചി