കോലഞ്ചേരി: ജീവിതത്തിനു മുന്നിൽ മസിലുപിടിച്ചിട്ടു കാര്യമില്ല. കൊവിഡിൽ തകർന്ന ജീവിതം പച്ച പിടിപ്പിക്കാൻ മുൻ മിസ്റ്റർ കേരളയായ സോണിക് കണ്ടെത്തിയ വഴി മത്സ്യ വില്പനയാണ്.
ഫിറ്റ്നെസ് ട്രെയിനറും, പൊന്നുരുന്നിയിലെ കൾട്ട് ഫിറ്റ്നെസ് സെന്റർ സ്ഥാപന ഉടമയുമാണ് ചാമ്പ്യൻ സോണിക്ക്. ഫിറ്റ്നെസ് സ്ഥാപനങ്ങൾക്ക് ലോക്കു വീണിട്ട് നാലു മാസമായി.
കൊവിഡ് പ്രതിരോധത്തിൽ സ്ഥാപനത്തിന് ലോക്കു വീണെങ്കിലും ഫിറ്റ്നെസിന് ലോക്കിടാൻ തയ്യാറാകാതെ കടവന്ത്രയിലെ വീട്ടിൽ ചെറിയ വ്യായാമങ്ങളിലൊതുക്കിയാണ് മുന്നോട്ടു പോകുന്നത്.
ലോക്ക് ഡൗൺ ഇളവുകൾ വന്നതോടെ സ്ഥാപനം വീണ്ടും തുറക്കാനാകുമെന്ന പ്രതീക്ഷയിൽ രണ്ടാഴ്ച മുമ്പു വരെ കാത്തിരുന്നു. എന്നാൽ പ്രതീക്ഷകൾ അസ്ഥാനത്തായതോടെ സുഹൃത്തിന്റെ വാഹനം കടമെടുത്താണ് മീൻ കച്ചവടത്തിലേയ്ക്കിറങ്ങി.കൊച്ചി പനമ്പള്ളി നഗറിലാണ് കച്ചവടം. രാവിലെ മുനമ്പത്ത് പോയി ഫ്രഷ് മീനെടുക്കും തീരും വരെ വില്പന.
വേറിട്ട വഴി
പിടിച്ചു നിൽക്കേണ്ട ജീവിതത്തിൽ മറ്റേതു തൊഴിലിലും നല്ലതു ഇതു തന്നെയെന്നാണ് .ജിമ്മന്മാർ തടി സംരക്ഷിക്കാൻ വേണ്ടതു ചെയ്യുമെങ്കിലും മടിയന്മാരാണെന്ന സമൂഹത്തിലെ പൊതു ധാരണയെ ഇതോടെ മാറും.
മിസ്റ്റർ കേരള
2002ലെ മിസ്റ്റർ കേരളയും ആൾ കേരള ബെസ്റ്റ് പോസിംഗ് അവാർഡ് വിന്നറും, മിസ്റ്റർ സബ് ജൂനിയർ കേരള എന്നിങ്ങനെ രാജ്യത്തിനകത്തും പുറത്തും പ്രമുഖരുടെയടക്കം പേഴ്സണൽ ട്രയിനറുമായിരുന്ന ഫോർട്ട് കൊച്ചി സ്വദേശി സോണിക്ക്. ഏഴു വർഷം വിദേശത്തും ട്രയിനറായി ജോലി ചെയ്തു.16 ാം വയസിൽ തുടങ്ങിയ മസിൽ പ്രേമം 38 ലും തുടരുകയാണ്.