കോലഞ്ചേരി: കൊവിഡ് പ്രതിരോധം,ആരോഗ്യവകുപ്പിനെ സഹായിക്കാൻ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീം വൊളന്റിയേഴ്‌സ്. പൊതു ജനങ്ങളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാൻ സഹായകരമായ വിധത്തിൽ ഡയറികൾ തയ്യാറാക്കിയിരിക്കുകയാണിവർ. നിർദ്ദിഷ്ട മാതൃകയിൽ തയ്യാറാക്കിയ ഡയറികൾ കടയിലും ടാക്‌സി,ഓട്ടോ ഡ്രൈവർമാരുടെ ഇടയിലും വിതരണം ചെയ്യും.
വ്യാപാര ശാലകളിലും വാഹനങ്ങളിലും വരുന്നവരുടെ വിശദാംശങ്ങൾ ഡയറിയിലൂടെ ശേഖരിച്ച് ആരോഗ്യ വകുപ്പിന് വിദ്യാർത്ഥികൾ തന്നെ കൈമാറും. രോഗ വ്യാപനമുണ്ടായാൽ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിന് ഡയറി ഏറെ സഹായകരമാകും.പ്രോഗ്രാം ഓഫീസർ ഷിബു പോളിന്റെ നേതൃത്വത്തിലാണ് വിദ്യാർത്ഥികൾ വിവരശേഖരണം നടത്തിയത്. ഡയറിയുടെ പ്രകാശനം പ്രിൻസിപ്പൽ കെ.ഐ ജോസഫ് നിർവഹിച്ചു. ഹെൽത്ത് ഇൻെസ്പക്ടർ കെ.കെ സജീവ്, പ്രോഗ്രാം ഓഫീസർ ബിജു ടി. തമ്പി, പി.വി പൗലോസ് എന്നിവർ സംബന്ധിച്ചു.