കോലഞ്ചേരി: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ നിരോധിത പ്ളാസ്റ്റിക് കാരിബാഗുകൾ മടങ്ങിയെത്തി. ആരോഗ്യ വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും കൊവിഡ് നിയന്ത്രണ തിരക്കിലായതോടെയാണ് നല്ലരീതിയിൽ നടപ്പാക്കിയ പ്ലാസ്​റ്റിക് നിരോധനം കാ​റ്റിൽപ്പറന്നത്.

വഴിയോരക്കച്ചവടക്കാർ ഉൾപ്പെടെ കടകളിൽ സാധനങ്ങൾ നൽകുന്നത് നിരോധിച്ച പ്ലാസ്​റ്റിക് കവറുകളിലാണ്. ചിലയിടങ്ങളിൽ ഭക്ഷണക്കി​റ്റ് വിതരണവും, പച്ചക്കറി കി​റ്റ് വിതരണവും വരെ പ്ലാസ്​റ്റിക് ബാഗുകളിലാണ്.
നിരോധനം കർക്കശമാക്കിയപ്പോൾ തുടക്കത്തിൽ ടൺ കണക്കിന് പ്ലാസ്​റ്റിക് ബാഗുകൾ പിടിച്ചെടുത്തതാണ്. കടകളിൽ പരിശോധനയും ഉണ്ടായിരുന്നു. ഇറച്ചി, മത്സ്യക്കച്ചവടക്കാർ പഴയരീതിയിൽ തേക്കിലകളും പേപ്പറും വീണ്ടും ഉപയോഗിച്ച് തുടങ്ങി.

തുണി സഞ്ചികൾ ധാരാളം വിപണിയിൽ ഇറങ്ങുകയും ചെയ്തിരുന്നു.തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും സർക്കാർ തലത്തിലും തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുപോലെ മീൻ വാങ്ങാൻ ജനങ്ങൾ സ്വന്തമായി തുണി സഞ്ചിയോ, പാത്രങ്ങളോ ഒക്കെ കൊണ്ടുവരുന്ന രീതിയും തുടങ്ങിയിരുന്നു. പക്ഷേ അതെല്ലാം പോയി, ഇപ്പോൾ സ്ഥിതി പഴയതിലും കഷ്ടമായി.

കഴിഞ്ഞ ജനുവരി ഒന്നു മുതലാണ് ഒ​റ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്​റ്റിക്കിന്റെ നിരോധനം കർശനമായി നടപ്പായത്. ഇവ സൂക്ഷിക്കുകയോ നിർമ്മിക്കുകയോ വിൽപ്പന നടത്തുകയോ ചെയ്താൽ 10,000 രൂപ പിഴ ഈടാക്കും. ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാംവട്ടം പിടിക്കപ്പെട്ടാൽ 50,000 രൂപയും ഈടാക്കും.