ആലുവ: പൂർണമായി മാലിന്യം നീക്കാത്തതിനെ തുടർന്ന് ആലുവ മാർക്കറ്റ് മാലിന്യവാഹിനിയായി. ആധുനിക മാർക്കറ്റ് കെട്ടിടം പണിയാനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ ഭാഗത്താണ് മലിന്യവും മലിനജലുമെല്ലാം കെട്ടിക്കിടക്കുന്നത്.മത്സ്യ മാർക്കറ്റിലെ മൊത്തക്കച്ചവടക്കാരിൽ നിന്ന് മീൻ വാങ്ങാനെത്തുന്ന ചില്ലറ കച്ചവടക്കാർക്കും ദുരിതമായിട്ടുണ്ട്. ആയിരക്കണക്കിന് ടൂ വീലർ, ഓട്ടോ, പെട്ടി വണ്ടി വാഹനങ്ങളും പ്രായമായവരും കച്ചവടത്തിന് വന്നു പോകുന്ന സ്ഥലമാണിത്.
#മലിനജലം കെട്ടി കിടക്കകുന്നു
മാർക്കറ്റിലെ പതിവ് മലിന ജലത്തിന് പുറമെ മഴവെള്ളം കൂടി കെട്ടി കിടക്കുന്നതോടെ മാർക്കറ്റിൽ മാലിന്യം നിറഞ്ഞ കുളം രൂപപ്പെട്ട അവസ്ഥയാണ്. കെട്ടികിടന്നിരുന്ന മാലിന്യങ്ങൾ കുറച്ച് ദിവസം മുമ്പ് പ്രതിഷേധത്തെ തുടർന്ന് നീക്കിയെങ്കിലും ഇവിടത്തെ ചെളി നിറഞ്ഞ ഭാഗത്ത് മത്സ്യ മാർക്കറ്റിലേക്കടക്കം വരുന്ന വലിയ ലോറികൾ കയറിയിറങ്ങുന്നതിനാൽ ചെളിയും വെള്ളവും കുഴഞ്ഞുമറിഞ്ഞ് കിടക്കുകയാണ്. വെള്ളക്കെട്ടുകളിൽ കൊതുക്, ഈച്ച തുടങ്ങിയവയുടെ ശല്യവും രൂക്ഷമാണ്.
#നിർമ്മാണം ഇതുവരെ ആരംഭിച്ചില്ല
പുതിയ മാർക്കറ്റ് കെട്ടിടം നിർമ്മിക്കുന്നതിനായി പഴയ കെട്ടിടം പൊളിച്ചിട്ട് ആറ് വർഷത്തോളായി. അന്നത്തെ മുഖ്യമന്ത്രി പുതിയ കെട്ടിടത്തിന് തറക്കല്ലിട്ടെങ്കിലും പിന്നീട് നടപടികൾ നിയമക്കുരുക്കിലായി. അടുത്തിടെ പ്രശ്‌നം പരിഹരിച്ചെന്ന് നഗരസഭ അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും നിർമ്മാണം ഇതുവരെ ആരംഭിക്കാനായില്ല. അതിനാൽ തന്നെ വർഷങ്ങളായി ഈഭാഗം മാർക്കറ്റിലേയും മറ്റും മാലിന്യങ്ങൾ തള്ളാനുള്ള സ്ഥലമായി മാറുകയായിരുന്നു.