കൊച്ചി: പരിമിതികളെല്ലാം കഠിനധ്വാനത്തിന് മുന്നിൽ കീഴടങ്ങി. റിദമോൾ നെഞ്ചോട് ചേർത്തു പത്തരമാറ്റ് മിന്നും ജയം. സെറിബ്രൽ പൾസിയും അന്ധതയും ശരീരത്തെ തളർത്തിയപ്പോഴും വാശിയായിരുന്നു റിദയ്ക്ക്. പഠനത്തിലൂടെ ഈ സങ്കടക്കൽ നീന്തിക്കയറണം. ആദ്യ ചവിട്ടുപടിയായ എസ്.എസ്.എൽ.സിക്ക് തിളക്കമാർന്ന നേട്ടം കൈവരിച്ചു. 80 ശതമാനം വിജയം പോലെ മുഖത്തും പൊൻ ചിരി. പെരുമ്പാവൂർ ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് റിദ.
അമ്മ ലൈല ബീവിയാണ് റിദയുടെ ആദ്യ ഗുരു. മകൾക്കൊപ്പം രാവിലെ മുതൽ വൈകിട്ട് വരെ ലൈലയും സ്കൂളിലെത്തും. അദ്ധ്യാപകർ പകർന്നു നൽകുന്ന അവറിവുകൾ റിദയെ പഠിപ്പിക്കുത് ലൈലയാണ്. ഒന്നാം ക്ലാസു മുതൽ മകളുടെ നിഴലാണ് ഈ അമ്മ. പൊതു വിദ്യാഭ്യാലയത്തിൽ മകൾ പഠിക്കണമെന്ന അച്ഛൻ നാസറിന്റെ ആഗ്രഹത്താലാണ് പെരുമ്പാവൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ചേർത്തത്. സ്‌കൂൾ അധികൃതരുടെയും വിദ്യാർത്ഥികളുടെ സഹായവും വിജയത്തിന് പിന്നിലുണ്ട്.
പഠനത്തിൽ മാത്രമല്ല കലയിലും താരമാണ് ഈ കൊച്ചുമിടുക്കി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കഴിഞ്ഞ ഏഴു വർഷമായി ശാസ്ത്രീയ സംഗീതം, ലളിതഗാനം, പദ്യപാരായണം എന്നിവയിൽ 'എ' ഗ്രേഡ് നേടിയിട്ടുണ്ട്. കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര, ശ്രീകുമാരൻ തമ്പി, അർജ്ജുനൻ മാഷ്, ആർ.കെ. ദാമോദരൻ, പെരുമ്പാവൂർ ജി.രവീന്ദ്രനാഥ്, കലാമണ്ഡലം സുമതി ടീച്ചർ, ജി. ശ്രീറാം, പിന്നണി ഗായിക രജ്ഞിനി ജോസ് എന്നിവരുടെ മുന്നിൽ ഗാനങ്ങൾ ആലപിച്ചതാണ് മറക്കാനാവാത്തെ ഓമർമ്മ. പാട്ടിൻതേൻകണം തുടങ്ങി ഒട്ടനവധിവേദികളിലും റിദമോൾ പാടിയിട്ടുണ്ട്. തുടർന്നും പൊതുവിദ്യാലയത്തിൽ പ്ലസ് വണ്ണിന് പഠിക്കണമെന്നാണ് കൊച്ചു മിടുക്കിയുടെ ആഗ്രഹം.