ആറ്റിങ്ങൽ: ബൈപാസ് നിർമ്മാണത്തിനായി ആറ്റിങ്ങൽ തിരുവാറാട്ടുകാവ് ദേവീക്ഷേത്രത്തിന്റെ സ്ഥലം ഏറ്റെടുക്കുന്നതു നിറുത്തിവയ്‌ക്കാൻ ഹൈക്കോടതി വാക്കാൽ നിർദ്ദേശിച്ചു. ക്ഷേത്രത്തിന്റെ 44.52ആർ സ്ഥലം ഏറ്റെടുക്കാനുള്ള നാഷണൽ ഹൈവേ അതോറിട്ടിയുടെ തീരുമാനത്തിനെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് നൽകിയ ഹർജിയിലാണ് ഉത്തരവ്. അലൈൻമെന്റിൽ ചെറിയ മാറ്റം വരുത്തി സ്ഥലമേറ്റെടുക്കുന്നത് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ദേശീയപാത അതോറിട്ടിക്ക് നൽകിയ നിവേദനത്തിൽ നടപടിയുണ്ടായില്ലെന്ന ദേവസ്വം ബോർഡിന്റെ വാദത്തെ തുടർന്ന് ഇതിന്റെ ഫയൽ ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. തിരുവിതാംകൂർ രാജകുടുംബത്തിന്റെ പരദേവതാ സ്ഥാനമുള്ള ക്ഷേത്രത്തിന് ചരിത്രപരമായ പ്രാധാന്യമുണ്ടെന്നും രാജകുടുംബം കാലങ്ങളായി അരിയിട്ടുവാഴ്ച ചടങ്ങ് നടത്തുന്ന ക്ഷേത്രമാണിതെന്നും ഹർജിയിൽ പറയുന്നു. പാട്ടുപുര, ശീവേലിപ്പാത, ആനക്കൊട്ടിൽ തുടങ്ങിയവ ഉൾപ്പെടുന്ന സ്ഥലമാണ് ദേശീയപാത അതോറിട്ടി ഏറ്റെടുക്കുന്നത്. അലൈൻമെന്റിൽ ചെറിയ തോതിൽ മാറ്റം വരുത്തി ക്ഷേത്രം സംരക്ഷിക്കാൻ കഴിയുമെന്നും ദേവസ്വം ബോർഡിന്റെ ഹർജിയിൽ ആവശ്യപ്പെട്ടു.