high-court

കൊച്ചി : ഭൂമി ഏതെങ്കിലും പ്രത്യേക ആവശ്യത്തിനു പതിച്ചു നൽകിയതാണെങ്കിൽ കൈവശാവകാശ സർട്ടിഫിക്കറ്റിൽ അക്കാര്യം വ്യക്തമാക്കാൻ റവന്യൂ ഉദ്യോഗസ്ഥരോട് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ആവശ്യപ്പെടണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. കെട്ടിട നിർമ്മാണത്തിന് അനുമതി നൽകുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ ഇക്കാര്യം ഉറപ്പാക്കണമെന്ന് തദ്ദേശ പ്രിൻസിപ്പൽ സെക്രട്ടറിയും ഉത്തരവിറക്കണം. രണ്ടും ഒരു മാസത്തിനുള്ളിൽ വേണം.

ഇടുക്കി ജില്ലയിൽ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷ വില്ലേജധികൃതർ തള്ളിയതിനെതിരെ നൽകിയ ഹർജികളിലാണ് സിംഗിൾബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. സംസ്ഥാനമൊട്ടാകെ പട്ടയ ഭൂമിയിലെ നിർമ്മാണങ്ങൾക്ക് റവന്യു വകുപ്പിന്റെ എൻ.ഒ.സി നിർബന്ധമാക്കി ചട്ടം ഭേദഗതി ചെയ്യാൻ സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഇതു പാലിക്കാത്ത റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ നൽകാൻ മേയ് 29 ന് ഹൈക്കോടതി നിർദ്ദേശിച്ചു.

ഉത്തരവു നടപ്പാക്കാൻ കൂടുതൽ സമയം തേടി സർക്കാർ അപേക്ഷ നൽകി. കൂടുതൽ സമയം അനുവദിക്കാനാവില്ലെന്ന് പറഞ്ഞ സിംഗിൾ ബെഞ്ച്, കൊവിഡ് സാഹചര്യത്തിൽ കോടതിയലക്ഷ്യ നടപടികൾ രണ്ടു മാസത്തേക്ക് നീട്ടുകയാണെന്നും വ്യക്തമാക്കി.

പട്ടയഭൂമി: പരിസ്ഥിതി

പ്രാധാന്യമല്ല നോക്കേണ്ടത്

കൃഷിക്കും മറ്റും പതിച്ചു നൽകിയ ഭൂമിയിലെ നിർമ്മാണങ്ങൾ തടയാൻ ചട്ട ഭേദഗതി വേണമെന്ന് കഴിഞ്ഞ ആഗസ്റ്റ് 22 ലെ ഉത്തരവിൽ സർക്കാർ വ്യക്തമാക്കിയിരുന്നുവെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഒരുവർഷമായിട്ടു തുടർനടപടികളുണ്ടായില്ല. അനധികൃത നിർമ്മാണം തടയാൻ സർക്കാരിന് താല്പര്യമില്ലെന്നാണ് തോന്നുന്നത്. ഭൂമിയുടെ പരിസ്ഥിതി പ്രാധാന്യം പരിഗണിച്ച് ഇക്കാര്യത്തിൽ തീരുമാനമെടുക്കാമെന്നാണ് സർക്കാരിന്റെ നിലപാട്. പട്ടയഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കരുതെന്ന കോടതി വിധികൾക്കെതിരായ നിലപാടാണിത്.

പട്ടയ ഭൂമിയിലെ അനധികൃത നിർമ്മാണങ്ങളിൽ ഇടപെടേണ്ടെന്നാണ് സർക്കാരിന്റെ തീരുമാനമെങ്കിൽ കാരണങ്ങൾ വ്യക്തമാക്കി മുന്നോട്ടുപോകാം. ചട്ടപ്രകാരം ബിൽഡിംഗ് പെർമിറ്റ് വാങ്ങി വായ്പയെടുത്ത് കെട്ടിടം നിർമ്മിച്ചശേഷം, ഇതു അനധികൃമായി നിർമ്മിച്ചതാണെന്ന് വിലയിരുത്തി നടപടിയെടുക്കുന്നത് ഗുരുതര പ്രശ്നങ്ങൾക്ക് വഴിയൊരുക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.