കളമശേരി: 57 ലക്ഷം മുടക്കി അറ്റകുറ്റപ്പണി നടത്തിയ റോഡ് ആറ് മാസം പിന്നിട്ടപ്പോഴേക്കും തരിപ്പണമായി. കളമശേരി നഗരസഭയുടെ 27, 28 വാർഡുകളിലെ കേസരി വായനശാല മുതൽ പൈപ്പ് ലെയിൻ ജംഗ്ഷൻ വരെയുള്ള റോഡാണ് താറുമാറായത്. പുതുക്കിപ്പണിയലിന്റെ ഭാഗമായി ഈ വർഷത്തിന്റെ തുടക്കത്തിലാണ് 800 മീറ്റർ റോഡിൽ ടൈൽ പാകിയത്. എന്നാൽ നിലവാരമില്ലാത്ത ടൈലുകളാണ് റോഡിൽ വിരിച്ചതെന്നും ഇതാണ് നിലവിലെ അവസ്ഥയ്ക്ക് കാരണമെന്നും നാട്ടുകാർ ആരോപിക്കുന്നു. ആക്ഷേപം ശക്തമായതോടെ അറ്റകുറ്റപ്പണി ആരംഭിച്ചിട്ടുണ്ട്.

ടൈൽ വിരിക്കുന്നതിന് മുമ്പ് റോഡിൽ ആറ് എം.എം മെറ്റൽ രണ്ട് ഇഞ്ച് കനത്തിൽ വിരിക്കണമെന്നാണ് നിയമം. എന്നാൽ അര ഇഞ്ച് പോലും മെറ്റൽ വിരിക്കാത്തെയാണ് ഇവിടെ അറ്റകുറ്റപ്പണി നടത്തിയത്. മാത്രമല്ല എം. 30 ഗ്രേഡ് ഹൈട്രോളിക്ക് കട്ടയ്ക്ക് പകരം ഉപയോഗിച്ചത് എം.20 പോലുമില്ലാത്ത ടൈലുകളും. റോഡ് തകരാൻ കാരണം ഇതാണെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. വാഹനങ്ങൾ കടന്നുപോകുമ്പോൾ ടൈലുകൾ ഇളകി തെറിക്കുന്ന സ്ഥിയാണ്. നിരവധി പരാതികൾക്കും നിവേദനങ്ങൾക്കും ശേഷമാണ് പൈപ്പ് ലെയ്ൻ റോഡ് നന്നാക്കാൻ വാട്ടർ അതോറിറ്റി എൻ.ഒ.സി നൽക്കിയത്.