കൊച്ചി: പത്താം ക്ലാസ് വിജയിച്ച മുഴുവൻ പേർക്കും ജില്ലയിൽ തന്നെ പഠിക്കാം. ജില്ലയിൽ 31,226 വിദ്യാർത്ഥികളാണ് ഉന്നത പഠനത്തിന് യോഗ്യത നേടിയത്. പ്രവേശന നടപടികൾ ആരംഭിച്ചില്ലെങ്കിലും വിവിധ മേഖലകളിൽ 32,589 സീറ്റുകളുണ്ട്.

കഴിഞ്ഞ വർഷത്തെക്കാൾ 0.64 ശതമാനം അധിക വിദ്യാർത്ഥികളാണ് ഇക്കുറി ജയിച്ചത്. ഏകജാലകം വഴി ഓൺലൈൻ പ്രവേശന നടപടികൾ ഉടൻ ആരംഭിക്കും.

ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് സ്‌കൂളുകളിലെ മെറിറ്റ്, സ്പോർട്ട്, കമ്യൂണിറ്റി ക്വാട്ടകളിലേക്കുള്ള പ്രവേശനമാണ് ഓൺലൈനായി നടക്കുക. പ്രവേശന നടപടികൾ ആരംഭിക്കുന്നതോടെ സീറ്റുകളുടെ എണ്ണത്തിലും വ്യത്യാസം വന്നേക്കും. 1363 സീറ്റുകൾ അധികമുണ്ട്.

ജില്ലയിലാകെ 209 സ്‌കൂളുകൾ

ജില്ലയിൽ 92 എയിഡഡ്, 67 ഗവൺമെന്റ്, ഒരു സ്‌പെഷൽ സ്‌കൂൾ, റെസിഡൻഷ്യൽ സ്‌കൂൾ, മൂന്ന് ടെക്‌നിക്കൽ സ്‌കൂൾ, 45 അൺ എയിഡഡ് സ്‌കൂളുകൾ എന്നിവ ഉൾപ്പെടെ 209 ഹയർ സെക്കൻഡറി സ്‌കൂളുകളാണുള്ളത്.

ഗവൺമെന്റിലും എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിൽ 259 സയൻസ് കോഴ്‌സുകളും 75 ഹ്യുമാനിറ്റീസ് കോഴ്‌സും 127 കൊമേഴ്‌സ് കോഴ്‌സുകളുമാണ് ജില്ലയിലുള്ളതെന്ന് ഹയർ സെക്കൻഡറി വകുപ്പ് അറിയിച്ചു. ഓരോ സ്‌കൂളിലും 50 മുതൽ 65 വരെ സീറ്റുകളാണ് ഓരോ കോഴ്‌സിനുമുള്ളത്.

സർക്കാർ സീറ്റുകുറവ്

സർക്കാർ സ്‌കൂളിൽ 9529 സീറ്റുകളുണ്ട്. സർക്കാർ സ്‌കൂളുകളിലെ മെറിറ്റ് സീറ്റുകളുടെ കുറവ് സാധാരണക്കാരായ വിദ്യാർത്ഥികളുടെ പഠനത്തെ പ്രതികൂലമായി ബാധിക്കും.

വൻ സംഭാവന നൽകി അൺ എയ്ഡഡ്, ഓപ്പൺ സ്‌കൂൾ, ഐ.ഐ.ടികൾ, വി.എച്ച്.എസ്.ഇ, പോളിടെക്‌നിക് തുടങ്ങിയ കോഴ്‌സുകളെ വിദ്യാർത്ഥികളെ ആശ്രയിക്കണ്ടി വരും. എസ്.എസ്.എൽ.സിക്ക് പുറമെ സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ പരീക്ഷകളും സേ പരീക്ഷയും കടന്നെത്തുന്നവരുടെ എണ്ണം കൂടി കൂട്ടുമ്പോൾ വിജയികളുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവുണ്ടാകും. പ്ലസ് വൺ കോഴ്‌സിന് സീറ്റുകളുടെ കുറവുണ്ടെന്നുള്ള ഏറെ കാലത്തെ പരാതിയെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിലായാണ് സീറ്റുകളുടെ എണ്ണത്തിൽ വർദ്ധനവു വരുത്തിയത്.

ലഭ്യമായ സീറ്റുകളുടെ എണ്ണം
(2019 )

സ്‌കൂൾ ടൈപ്പ്, സയൻസ്, ഹ്യുമാനിറ്റീസ്, കോമേഴ്‌സ് ( ആകെ സീറ്റ്)
ഏകജാലകം ( മെറിറ്റ്) 10631, 2935, 6203
നോൺ മെറിറ്റ് സീറ്റ് 7484,1135, 3625
സ്‌പോർട്ട്‌സ് 324,80,172

ആകെ 18439, 4150,10000

ആകെ സീറ്റുകൾ 32589.