elephant
പൂയംകുട്ടിയിൽ കിണറിൽ വീണ കാട്ടാനകരയ്ക്ക് കയറാൻ ശ്രമിക്കുന്നു.

കോതമംഗലം: പൂയംകുട്ടിയിൽ റോഡരുകിലെ കിണറിൽ വീണ കാട്ടുകൊമ്പനെ വനപാലകർ രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ 7 നാണ് പൂയംകുട്ടി പടിഞ്ഞാറേക്കര എൽദോസിന്റെ വീട്ടിലെ കിണറ്റിൽ കാട്ടാന വീണത്.

വനത്തിൽ നിന്ന് പുഴ കടന്ന് വന്ന ആനക്കൂട്ടത്തിലെ രണ്ടെണ്ണം തിരികെ പോകാൻ വൈകി. നേരം പുലർന്ന് പ്രദേശവാസികൾ ഒച്ചവച്ചതിനെ തുടർന്ന് ഓടി വനത്തിലേക്ക് പോകുന്നതിനിടെയാണ് റോഡിന് ചേർന്ന് അരമതിലില്ലാത്ത കിണറിൽ ആന വീണത്.

വനപാലകരെത്തി ജെ.സി.ബി ഉപയോഗിച്ച് കിണറിന്റെ ഒരു വശം ഇടിച്ച് വഴി ഉണ്ടാക്കി രക്ഷപ്പെടുത്തുകയായിരുന്നു.

ആന തന്നെ കിണറിന്റെ ഒരു വശം ഇടിച്ചിരുന്നതിനാൽ രക്ഷാദൗത്യം എളുപ്പമായി. നൂറുകണക്കിന് പേർ സ്ഥലത്ത് തടിച്ചുകൂടി. കര കയറിയ ആന വനത്തിലേക്ക് ഓടുന്നതിനിടെ റോഡരികിലുണ്ടായിരുന്ന സ്കൂട്ടർ തട്ടിയെറിഞ്ഞ് തകർത്തു.

വന്യജീവി ശല്യം പരിഹരിക്കാൻ വൈദ്യുതി വേലി ഉൾപ്പടെയുള്ള നടപടികൾ ഉറപ്പു നൽകിയാൽ മാത്രമേ ആനയെ രക്ഷിക്കാൻ അനുവദിക്കൂ എന്ന് പ്രഖ്യാപിച്ച് ജനസംരക്ഷണ സമിതി ധർണ നടത്തിയത് കുറച്ചു നേരം സംഘർഷത്തിന് കാരണമായി. ആറ് മാസത്തിനുള്ളിൽ പൂയംകുട്ടിയിലെ ജനവാസ മേഖലയിൽ ട്രഞ്ച് താഴ്ത്താമെന്നും പാറയുള്ള ഭാഗത്ത് മറ്റ് മാർഗങ്ങൾ സ്വീകരിക്കാമെന്നും റേഞ്ച് ഓഫീസർ ലിബിൻ ജോൺ ഉറപ്പ് നൽകിയതിനെ തുടർന്നാണ് പ്രതിഷേധക്കാർ പിന്മാറിയത്.