പറവൂർ : റിട്ട. സർക്കാർ ജീവനക്കാരന്റെ വീട്ടിൽ അനധികൃത കുടിവെള്ള ദുരുപയോഗം ജല അതോറിറ്റി പിടികൂടി. വെള്ളത്തിന്റെ ഉപയോഗം രേഖപ്പെടുത്തുന്ന മീറ്ററിലേക്കുള്ള കണക്ഷൻ പൈപ്പ് മുറിച്ച് അവിടെ നിന്നും ടാങ്കിലേക്ക് മറ്റൊരു പൈപ്പ് ഘടിപ്പിച്ചാണ് വെള്ളം ഊറ്റിയതെന്ന് അധികൃതർ പറഞ്ഞു. അനധികൃത കണക്ഷൻ മീറ്റർ റീഡിംഗ് എടുക്കാൻ എത്തുന്ന ജീവനക്കാരന്റെ ശ്രദ്ധയിൽപ്പെടാത്ത വിധം ഭൂമിക്കടിയിലായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് ജല അതോറിറ്റി ഉദ്യോഗസ്ഥർ പരിശോധന നടത്തിയാണ് പിടിച്ചത്. തുടർനടപടി സ്വീകരിക്കുമെന്ന് ജല അതോറിറ്റി അധികൃതർ പറഞ്ഞു.