കൊച്ചി : ഇടപ്പള്ളി മേഖലയിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കണമെന്ന ഹർജിയിൽ ഹൈക്കോടതി അഡ്വ. മഹേഷ് മേനോനെ അമിക്കസ് ക്യൂറിയായി നിയമിച്ചു. സ്ഥലം സന്ദർശിച്ച് വിശദാംശങ്ങൾ പരിശോധിച്ച് അമിക്കസ് ക്യൂറി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. ഹർജികൾ ജൂലായ് 17 ന് വീണ്ടും പരിഗണിക്കും. ഇടപ്പള്ളി മേഖലയിലെ വെള്ളക്കെട്ട് പരിഹരിക്കാൻ ദേശീയ പാത അതോറിറ്റി നൽകുന്ന നിർദ്ദേശങ്ങൾക്കു പുറമേ മറ്റു മാർഗ്ഗങ്ങളുണ്ടോയെന്നതും അമിക്കസ് ക്യൂറി പരിശോധിക്കണം. ജൂലായ് നാലിന് സ്ഥലം സന്ദർശിച്ച് ബന്ധപ്പെട്ടവരിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ തയ്യാറാണെന്ന് അമിക്കസ് ക്യൂറി അറിയിച്ചതിനെത്തുടർന്ന് അന്നേ ദിവസം രാവിലെ 11 ന് ഇടപ്പള്ളി മെട്രോ സ്റ്റേഷനു മുന്നിൽ ഇതുമായി ബന്ധപ്പെട്ടവർക്ക് അമിക്കസ് ക്യൂറിയെ സന്ദർശിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.