കൊച്ചി: കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് അടപ്പിച്ച എറണാകുളം മാർക്കറ്റിന് സമാന്തരമായി മറൈൻഡ്രൈവിൽ ആരംഭിച്ച പച്ചക്കറിച്ചന്ത കളക്ടറുടെ നിർദ്ദേശത്തെ തുടർന്ന് പൊലീസ് ഒഴിപ്പിച്ചു. മാർക്കറ്റിലെ പച്ചക്കറി കച്ചവടക്കാർ മഴവിൽ പാലത്തിന് ഇരുവശങ്ങളിലുമായി നടപ്പാതയിൽ രാവിലെ മുതൽ ആരംഭിച്ച മാർക്കറ്റാണ് മാദ്ധ്യമ വാർത്തകളെ തുടർന്ന് ഉച്ചയോടെ ഒഴിപ്പിച്ചത്. കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച അർദ്ധരാത്രിയോടെ മാർക്കറ്റിലെ കച്ചവടക്കാർ പച്ചക്കറികളടക്കം മറൈൻഡ്രൈവിൽ മഴവിൽ പാലത്തോട് ചേർന്നുള്ള ഒഴിഞ്ഞ പ്രദേശത്തേക്ക് മാറ്റിയിരുന്നു.

ഇന്നലെ രാവിലെ സാധനങ്ങൾ മറൈൻഡ്രൈവിലെ നടപ്പാതയിൽ വില്പനയ്ക്ക് വച്ചു. മാദ്ധ്യമങ്ങൾ ഇതു വാർത്ത ആക്കിയതോടെ ധാരാളം പേർ എത്തുകയും സാമൂഹ്യ അകലം ഉൾപ്പടെയുള്ള കൊവിഡ് മാനദണ്ഡങ്ങൾ ലംഘിക്കപ്പെടുകയും ചെയ്തു. തുടർന്നാണ് കളക്ടർ ഇടപെട്ട് സമാന്തര മാർക്കറ്റ് ഒഴിപ്പിക്കാൻ പൊലീസിന് നിർദേശം നൽകിയത്. സെൻട്രൽ സ്റ്റേഷനിൽ നിന്ന് പൊലീസ് എത്തി വ്യാപാരികളെ ഒഴിപ്പിക്കുന്നതിനിടെ പൊലീസും കച്ചവടക്കാരും തമ്മിൽ നേരിയ വാക്കേറ്റവും ഉണ്ടായി.എറണാകുളം മാർക്കറ്റിലെ മൂന്ന് പേർക്ക് തുടർച്ചയായ ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെയാണ് മാർക്കറ്റ് കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച് അടച്ചത്. ഇവിടേക്കുള്ള എല്ലാ റോഡുകളും അടച്ചിരുന്നു. വാഹന ഗതാഗതം ഒഴിവാക്കുകയും ആളുകൾ പ്രവേശിക്കുന്നത് തടയുകയും ചെയ്തു. ഇതിനിടെയാണ് ചില കച്ചവടക്കാർ സമാന്തര മാർക്കറ്റ് ആരംഭിച്ചത്. മാർക്കറ്റിൽ നിന്ന് നൂറു മീറ്റർ അകലെയുള്ള ഇലക്‌ട്രിക്കൽ സ്ഥാപനത്തിലെ മൂന്നു പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.

സാധനങ്ങൾക്ക് ക്ഷാമമുണ്ടാകുമെന്ന് ഭയം

എറണാകുളം മാർക്കറ്റ് അടച്ചതോടെ സാധനങ്ങൾക്ക് ദൗർലഭ്യമുണ്ടാകുമെന്ന് ജനങ്ങൾക്കിടയിൽ ആശങ്ക. ജില്ലയുടെ ഒട്ടുമിക്ക ഭാഗത്തേക്കും സാധനങ്ങൾ കൊണ്ടുപോകുന്നത് ഇവിടെ നിന്നാണ്. ആശുപത്രി കാന്റീനുകൾ, നേവി, കൊച്ചി തുറമുഖം തുടങ്ങി വിവിധ സ്ഥാപനങ്ങൾ മാർക്കറ്റിൽ നിന്ന് സാധനങ്ങൾ മൊത്തമായി വാങ്ങുകയാണ് പതിവ്.