# 140 കോടി
വൈപ്പിൻ: മുനമ്പം - അഴീക്കോട് പാലം നിർമ്മിക്കുന്നതിന് കിഫ്ബി ഡയറക്ടർ ബോർഡ് അനുമതി നൽകി. 140 കോടി രൂപയാണ് നിർമ്മാണച്ചെലവ്. കേരള റോഡ് ഫണ്ട് ബോർഡിനാണ് പദ്ധതി നടത്തിപ്പ് ചുമതല. പാലത്തിന്റെ അപ്രോച്ച് റോഡിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് നേരത്തെതന്നെ 14.61 കോടിരൂപ അനുവദിച്ചിരുന്നതായും തുടർ നടപടികൾ വേഗത്തിലാക്കുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും എസ്. ശർമ്മ എം.എൽ.എ അറിയിച്ചു.
എറണാകുളം - തൃശൂർ ജില്ലകളെ ബന്ധിപ്പിച്ചു അഴിമുഖത്ത് കൂടി നിർമ്മിക്കുന്ന മുനമ്പം - അഴീക്കോട് പാലം വരുന്നതോടെ വൈപ്പിൻ ദ്വീപ് നിവാസികളുടെയും അഴീക്കോട് - ഏറിയാട് - കൊടുങ്ങല്ലൂർ മേഖലയുടെയും ദീർഘകാല അടിസ്ഥാന വികസനത്തിനാണ് വഴിയൊരുങ്ങുന്നത്. കൊച്ചി - കോഴിക്കോട് തീരദേശപാതയുടെ ദൈർഘ്യം ഗണ്യമായി കുറയുകയും ചെയ്യും. മുസിരിസ് പൈതൃക പദ്ധതിയുടെ വികസനത്തിനും വഴിതെളിയും.
സാമൂഹ്യ വ്യാപാരവളർച്ചയോടൊപ്പം ചെറായി - മുനമ്പം ബീച്ചുകളിലെ ടൂറിസം വികസനത്തിനും പാലം മികച്ച പിന്തുണയാകും. കൊച്ചി നഗരം, സമീപ തീർത്ഥാടന കേന്ദ്രങ്ങൾ, വ്യവസായിക കേന്ദ്രങ്ങൾ, കടൽ, കായൽ, പൊക്കാളിപ്പാടങ്ങൾ, മുസിരിസ് പദ്ധതി പ്രദേശങ്ങൾ എന്നിവ തമ്മിലുള്ള കണക്റ്റിവിറ്റി നാടിന്റെ മൊത്തം വികസനത്തിന് കുതിപ്പാകും. മൂത്തകുന്നം - പറവൂർ, വരാപ്പുഴ ദേശീയപാതയിലെ തിരക്കിന് മുനമ്പം അഴീക്കോട് പാലം വരുന്നതോടെ അറുതിയാകും.