കൊച്ചി : കൊല്ലം ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ ബാബുകുമാറിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് തിരുവനന്തപുരം സി.ബി.ഐ കോടതി വിധിച്ച പത്തു വർഷത്തെ കഠിന തടവുശിക്ഷ തടഞ്ഞ് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ഒന്നാം പ്രതി ജിണ്ട അനി, രണ്ടാം പ്രതി കണ്ടെയ്‌നർ സന്തോഷ്, മൂന്നാം പ്രതി പെന്റി എഡ്വിൻ, ആറാം പ്രതി സന്തോഷ് നായർ എന്നിവർ വിചാരണക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലും ജാമ്യാപേക്ഷയും പരിഗണിച്ചാണ് സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഡിവൈ.എസ്.പി സന്തോഷ് നായരുടെ നേതൃത്വത്തിൽ കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ മദ്യ വിരുന്ന് നടത്തിയ വിവരം മാദ്ധ്യമ പ്രവർത്തകനേയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും അറിയിച്ചതിന്റെ വൈരാഗ്യം നിമിത്തം പ്രതികൾ ബാബുകുമാറിനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്.
മേയ് 25 നാണ് തിരുവനന്തപുരം സി.ബി.ഐ കോടതി പ്രതികൾക്ക് തടുവശിക്ഷ വിധിച്ചത്. മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷിച്ചതെന്നു വ്യക്തമാക്കിയാണ് പ്രതികൾ അപ്പീൽ നൽകിയത്. ശിക്ഷ റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നതിനായി അപ്പീലിൽ പിന്നീടു വാദം കേൾക്കും.