മൂവാറ്റുപുഴ: നിർമ്മല കോളേജിൽ പുതിയ പ്രിൻസിപ്പലായി ഡോ. കെ. വി. തോമസ് ചുമതലയേറ്റു. ഗണിതശാസ്ത്രത്തിൽ ഡോക്‌റേറ്റും ഇരുപത്തിനാല് വർഷത്തെ അദ്ധ്യായന പരിചയവുമുള്ള ഡോ. കെ. വി. തോമസ് അസോസിയേറ്റ് പ്രൊഫസറും മികച്ച സംഘാടകനും പ്രഭാക്ഷകനുമാണ്. തൃക്കാക്കര ഭാരതമാത കോളേജിൽ വൈസ് പ്രിൻസിപ്പൽ, ഗണിശാസ്ത്രവിഭാഗം മേധാവി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഗണിതശാസ്ത്രത്തിൽ പാണ്ഡിത്യമുള്ള കെ.വി. തോമസ് മുപ്പത്തിയഞ്ചോളം ഗവേഷണലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. റോട്ടറി ക്ലബ് അംഗം, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം തുടങ്ങിയ നിലകളിൽ പൊതുരംഗത്തും ഡോ. കെ. വി. തോമസ് നിറസാന്നിദ്ധ്യമാണ്. കോളേജിൽ നടന്ന ലളിതമായ ചടങ്ങിൽ മാനേജർ മോൺ. ഡോ. ചെറിയാൻ കാഞ്ഞിരകൊമ്പിൽ ഔദ്യോയാഗികമായി പ്രിൻസിപ്പലിനെ ചുമതലയേൽപ്പിച്ചു. കോളേജ് ബർസാർ ഫാ. ഫ്രാൻസിസ് കണ്ണാടൻ, പ്രിൻസിപ്പൽ ഇൻചാർജ് പ്രൊഫ. സജി ജോസഫ് എന്നിവർ സംസാരിച്ചു.