ആലുവ: നഗരസഭയുടെ ചൂണ്ടിയിലുള്ള രണ്ട് ഏക്കറിലധികം സ്ഥലം കൈയേറാൻ സ്വകാര്യവ്യക്തി നീക്കം നടത്തുന്നതായി ഒരു വിഭാഗം കൗൺസിലർമാർ ആരോപിച്ചു. ബി.ജെ.പി അംഗം എ.സി. സന്തോഷ്‌കുമാർ, സ്വതന്ത്രാംഗങ്ങളായ സെബി വി. ബാസ്റ്റ്യൻ, കെ. ജയകുമാർ, കെ.വി. സരള തുടങ്ങിയവർ സ്ഥലം സന്ദർശിച്ച ശേഷമാണ് ആരോപണമുന്നയിച്ചത്. ഇത് സംബന്ധിച്ച് സെക്രട്ടറിക്ക് പരാതിയും നൽകി.
രാത്രിയുടെ മറവിൽ നൂറ് കണക്കിന് ലോഡ് മണ്ണ് കടത്തിയതായി ഇവർ ആരോപിച്ചു. നഗരസഭയുടെ വിവിധ മേഖലകളിലുള്ള വസ്തുവകകൾ നഷ്ടപ്പെടുകയാണ്. ഭരണപക്ഷത്തിന്റെ മൗനാനുമതിയോടെയാണ് കൈയേറ്റം നടക്കുന്നത്. സാമ്പത്തികമായി ബുദ്ധിമുട്ടുന്ന നഗരസഭ സ്വന്തം സ്വത്തുവകകൾ സംരക്ഷിക്കുന്നതിൽ കാണിക്കുന്ന അലംഭാവത്തിനെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.
ആരോപണം അടിസ്ഥാനരഹിതമെന്ന് ചെയർപേഴ്സൺ
നഗരസഭ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്നും മണ്ണ് കടത്തിയെന്നുമുള്ള ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് ചെയർപേഴ്സൺ ലിസി എബ്രഹാം പറഞ്ഞു. നഗരസഭ ഭൂമിയോട് ചേർന്ന് സ്ഥലമുള്ള സ്വകാര്യ വ്യക്തി മതിൽ കെട്ടുന്നതിനായി സ്വന്തം പറമ്പിൽ നിന്നാണ് മണ്ണ് നീക്കിയത്. എന്നാൽ നഗരസഭ അതിർത്തിയിൽ മതിൽ നിർമ്മിക്കുമ്പോൾ നഗരസഭയെ അറിയിക്കണമെന്ന സാമാന്യ മര്യാദ സ്ഥലയുടമ പാലിച്ചില്ല. ഈ സാഹചര്യത്തിൽ പണി നിർത്താൻ ആവശ്യപ്പെടുകയും പണി നിർത്തുകയും ചെയ്തിട്ടുണ്ട്. നഗരസഭ ഭൂമി നഷ്ടമായെന്ന ആരോപണം രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും ചെയർപേഴ്സൺ പറഞ്ഞു.