കൊച്ചി: വിവാഹം ആലോചിച്ച് തട്ടിപ്പിനു ശ്രമിച്ച സംഘത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നതായി നടി ഷംന കാസിം വെളിപ്പെടുത്തി. ഫോണിൽ വിളിച്ചവരല്ല പെണ്ണുകാണാനെത്തിയത്. തട്ടിപ്പ് സംഘം പല കഥാപാത്രങ്ങളായി വീട്ടുകാരെ പറ്റിച്ചെന്നും, ക്വാറന്റൈനിൽ കഴിയുന്ന നടി ഓൺലൈനിലൂടെ
ഇന്നലെ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
തട്ടിപ്പിന് ശ്രമിച്ചവർ ഇത്ര വലിയ സംഘമാണെന്ന് ,പരാതി നൽകിയ ശേഷമാണ് വ്യക്തമായത്. വിവാഹാലോചനയായതിനാലാണ് പ്രതികളെ തെറ്റിദ്ധരിച്ച് വിളിച്ചത്. വാട്‌സ് ആപ് സന്ദേശവും നൽകി. ഫോണിൽ സംസാരിച്ചവരിൽ സ്ത്രീകളുമുണ്ട്. ഒരു കുട്ടി വന്ന് ഹലോ പറഞ്ഞു . അവർ ആരൊക്കെയാണെന്നറിയണം. തട്ടിക്കൊണ്ടു പോകാൻ ലക്ഷ്യമിട്ടാവണം വീടിന്റെയും വാഹനത്തിന്റെയും ഫോട്ടോ പകർത്തിയത്. പണം ചോദിച്ചത് സംശയത്തിനിടയാക്കി. അറസ്റ്റിലായവർ സ്വർണം കടത്താൻ ആവശ്യപ്പെട്ടിട്ടില്ല. സ്വർണ തട്ടിപ്പു നടത്തുന്നവരാണെന്നും പറഞ്ഞിട്ടില്ല. പറഞ്ഞ പേരും കാണിച്ച ഫോട്ടോയും തട്ടിപ്പായിരുന്നു. അൻവറിന്റെ പേരിൽ കാണിച്ചത് മറ്റൊരാളുടെ ഫോട്ടോയാണ്.
മേയ് 25നാണ് വിവാഹാലോചനയുമായെത്തിയത്. അൻവറെന്നയാളാണ് പണം ചോദിച്ചത്. കൊച്ചിയിലേക്ക് അമ്മ സുഹറയും അൻവറും വരുന്നുണ്ടെന്നും പെൺകുട്ടിയെ കാണാമെന്നും പറഞ്ഞപ്പോഴാണ് വീട്ടുകാർ നിരസിക്കാതിരുന്നത്. പെണ്ണും ചെറുക്കനും സംസാരിക്കണമെന്ന് പറഞ്ഞപ്പോൾ അൻവറിന്റെ പേരിൽ സംസാരിച്ചത് വേറെയാളാണ്. ഖുറാൻ വാക്കുകളൊക്കെ ഉപയോഗിച്ചു. വീഡിയോ കോളിൽ സംസാരിച്ചപ്പോൾ മുഖം മറച്ചു പിടിച്ചു. വിശ്വസനീയമായ രീതിയിൽ സംസാരിച്ചെങ്കിലും പണം ചോദിച്ചപ്പോഴാണ് സംശയമായത്. അവർ പറഞ്ഞ വിലാസം വ്യാജമായിരുന്നു. പണം ചോദിച്ചതിന് പിന്നീട് ചെറുക്കന്റെ അച്ഛൻ ക്ഷമ പറഞ്ഞു. സംസാരിച്ച സംഘത്തിൽ റഫീഖെന്ന ആരുമില്ല. ആന്റിയും അങ്കിളുമെവിടെയെന്ന് ചോദിച്ചപ്പോൾ വന്നവർക്ക് കൃത്യമായ മറുപടിയുണ്ടായില്ല. ഫോണിൽ സംസാരിച്ച ആളുകളും വന്നവരും തമ്മിൽ ചേരുന്നില്ലെന്ന് മനസിലായി. എല്ലാവരുടെയും ഫോൺ സംഭാഷണങ്ങൾ റെക്കാഡ് ചെയ്തു. സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
സിനിമാ മേഖലയുമായി ബന്ധമില്ലാത്തവർക്ക് തന്റെ നമ്പർ നൽകിയത് പ്രൊഡക്ഷൻ കൺട്രോളർ ഷാജി പട്ടിക്കരയാണ്. സിനിമയിൽ വ്യക്തിപരമായി ശത്രുക്കളില്ല. കേസിന് സിനിമാ മേഖലയുമായി ബന്ധമില്ല. കെണിയിൽപ്പെടുത്തുമോയെന്നും വീട് ആക്രമിക്കുമോയെന്നും പേടിയുണ്ടായിരുന്നുവെന്നും ഷംന പറഞ്ഞു.
ഷംന കാസിം കേസ്: വരന്റെ
'മാതാവി'നെ തേടി പൊലീസ്
കെ.എസ്. സന്ദീപ്
തട്ടിപ്പ് സംഘത്തിൽ സ്ത്രീയും
കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ സംഘത്തിലുള്ള സ്ത്രീയെ കണ്ടെത്താനായില്ല. വരനായി അഭിനയിച്ച റെഫിഖിന്റെ മാതാവെന്ന പേരിൽ ഒരു സ്ത്രീ നടിയോട് സംസാരിച്ചിരുന്നു.
കഴിഞ്ഞ ദിവസം ഓൺലൈൻ മൊഴിയെടുപ്പിലാണ് ഷംന ഇക്കാര്യം അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. വിവിധ സ്ഥലങ്ങളിൽ മോഡലുകളെ പാർപ്പിക്കാൻ സഹായിച്ച വാടാനപ്പള്ളി സ്വദേശി റഹീമിനെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരുന്നു.
അതേസമയം, നായിക - നായകന്മാർ ഉൾപ്പെടെ പ്രമുഖരെ തട്ടിപ്പിനിരയാക്കാൻ സംഘം ശ്രമിച്ചിരുന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. സംഘം ബന്ധപ്പെട്ടുവെന്ന് കരുതുന്ന സിനിമാരംഗത്തുള്ളവരിൽ നിന്ന് വിവരശേഖരണം നടത്താനാണ് തീരുമാനം. അഷ്ക്കർ അലിയെന്ന പേരിലാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ ഹാരീസ് പല താരങ്ങളെയും വിളിച്ചിരുന്നത്. സ്വർണക്കടത്തെന്ന പേരിലാണ് സംഘം താരങ്ങളുമായി ബന്ധപ്പെട്ടത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കുന്ന യുവതികളെ വൻ വാഗ്ദാനങ്ങൾ നൽകി കോയമ്പത്തൂരും പാലക്കാട്ടും താമസിപ്പിച്ചു. പിന്നീട് സ്വർണവും പണവും തട്ടിയെടുത്ത് പെൺകുട്ടികളെ തന്ത്രപൂർവ്വം ഒഴിവാക്കുന്നതായിരുന്നു രീതി.
മുൻകാല സംവിധായകരിലൊരാൾ സിനിമയെടുക്കുന്നുവെന്നറിഞ്ഞ് സംഘം കൂടെ കൂടി. അഞ്ചു കോടി രൂപ വാഗ്ദാനം ചെയ്തെങ്കിലും വേണ്ടെന്ന് പറഞ്ഞ് സംവിധായകൻ ഒഴിഞ്ഞു മാറി. സ്വർണം കടത്തിയാൽ ആഡംബര കാറും രണ്ടു കോടിയും നൽകാമെന്നായിരുന്നു നടൻ ധർമ്മജൻ ബോൾഗാട്ടിന് വാഗ്ദാനം. ഓഫറിൽ വീണാൽ എന്തെങ്കിലും അത്യാവശ്യം പറഞ്ഞ് ലക്ഷങ്ങൾ വാങ്ങി മുങ്ങാനായിരുന്നു പദ്ധതി. ഷംന കാസിമിനോടും ഇതേ തന്ത്രം തന്നെയാണ് സംഘം പയറ്റിയത്. പണം നൽകിയില്ലെങ്കിലും, വരനായി അഭിനയിച്ച ആളുമായി ഷംന പിന്നീടും സംസാരിച്ചിരുന്നു. വിശ്വാസം നേടിയെടുത്താൽ കൂടുതൽ തുക ചോദിക്കാമെന്ന് കരുതിയാണ് സംഘം ഷംനയുടെ മരടിലുള്ള വീട്ടിലെത്തിയത്. ഇവരുടെ സംസാരത്തിൽ പന്തികേടു തോന്നിയ കുടുംബം , പരാതി നൽകാൻ തീരുമാനിക്കുകയായിരുന്നു.
അറസ്റ്റിലായ ഹാരീസിനെ മേയ്ക്കപ്പ്മാനെന്ന് വിശേഷിപ്പിക്കരുതെന്നും, ഇയാൾ മേയ്ക്കപ്പ് ആർട്ടിസ്റ്റല്ലെന്നും ആൾ കേരള സിനി മേക്കപ്പ് ആർട്ടിസ്റ്റ് ആൻഡ് ഹെയർ സ്റ്റൈലിസ്റ്റ് യൂണിയൻ വ്യക്തമാക്കി.