ആലുവ: അമേരിക്കയിൽ നിന്നും പാർസൽ എത്തിയിട്ടുണ്ടെന്നും ജി.എസ്.ടി തുകയായി 20,500 രൂപ അടക്കണമെന്നും അറിയിച്ചെത്തിയ ഫോൺ സന്ദേശം തട്ടിപ്പ് ശ്രമമാണെന്ന് വ്യക്തമായി. ചുണങ്ങംവേലി പള്ളിക്ക് സമീപം താമസിക്കുന്ന ബിരുദ വിദ്യാർത്ഥി ബോബനാണ് കബളിപ്പിക്കലിൽ നിന്നും രക്ഷപ്പെട്ടത്.

തിങ്കളാഴ്ച്ച രാവിലെയാണ് ഡൽഹി ഇന്ദിരഗാന്ധി വിമാനത്താവളത്തിൽ നിന്നുമാണെന്ന് പറഞ്ഞാണ് ബോബന്റെ ഫോണിലേക്ക് കോൾ എത്തിയത്. അമേരിക്കയിൽ നിന്നും പാർസൽ എത്തിയിട്ടുണ്ടെന്നും ഇത് കൈപ്പറ്റുന്നതിനായി 20,500 രൂപ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ അക്കൗണ്ടിൽ നിക്ഷേപിക്കണമെന്നും അറിയിച്ചു. ഹിന്ദിയിലും ഇംഗ്ളീഷിലുമായിരുന്നു വിളിച്ചയാൾ സംസാരിച്ചത്. ഇതേതുടർന്ന് ബോബൻ ആലുവയിലെ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ആലുവ ശാഖയിലെത്തി ഫോൺ വിളിച്ചയാൾ നൽകിയ അക്കൗണ്ട് നമ്പർ സംബന്ധിച്ച വിവരം തിരക്കി. പരിശോധനയിൽ ബ്ളാക്ക് ലിസ്റ്റിൽപ്പെട്ട അക്കൗണ്ടാണെന്ന് ബോധ്യമായി.ഇതര സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ തട്ടിപ്പുകാരാണ് പിന്നിലെന്നാണ് സൂചന. പണം നഷ്ടമാകാത്തതിനാൽ ബോബൻ പൊലീസിൽ പരാതി നൽകിയിട്ടില്ല.