തൃക്കാക്കര: പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിയുന്ന എം.എം.അൻവറിന്റെ ജാമ്യാപേക്ഷയിൽ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഇന്നലെ വാദം പൂർത്തിയായി. കേസ് ഇന്ന് കോടതി വീണ്ടും പരിഗണിക്കും. പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ അറസ്റ്റിലായ അൻവറിനെ ജൂലായ്13 വരെയാണ് റിമാൻഡ് ചെയ്തത്. എം .എം അൻവറിനും ഭാര്യ കൗലത്ത് അൻവറിനും പൊള്ളാച്ചിയിലെ ഫാമിൽ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച് വിജിലൻസ് കോടതിയെ അറിയിച്ചു.കൊവിഡ് കാലമായതിനാൽ നേരിട്ട് കൊണ്ടുപോയി തെളിവെടുക്കുക്കാനായിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. അൻവറിന്റെ ഫോട്ടോ ഫാമിലെ ജീവനക്കാർക്ക് അയച്ചുകൊടുത്തെങ്കിലും ഇവർ തിരിച്ചറിഞ്ഞിട്ടില്ല. കസ്റ്റഡി കാലാവധിക്ക് ശേഷം അൻവറിനെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.അന്വേഷണത്തിന്റെ രണ്ട് ഘട്ടങ്ങളിലായി ഏഴു ദിവസം പൊലീസ് കസ്റ്റഡിയിലുണ്ടായിരുന്നിട്ടും അൻവറിനെതിരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ലെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു.കൊവിഡിന് ശേഷം പൊള്ളാച്ചിയിലെ ഫാമിൽ കൊണ്ടുപോയി തെളിവെടുപ്പ് ആവശ്യമാണെന്ന് ക്രൈം ബ്രാഞ്ച് പറഞ്ഞു.പ്രതിക്ക് ജാമ്യം അനുവദിച്ചാൽ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.കേസിലെ ഒന്നാം പ്രതി കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനും, മഹേഷിനും ഫാമിൽ പങ്കാളിത്തമുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസിലെ ഒന്നാംപ്രതി വിഷ്ണുപ്രസാദ്, രണ്ടാം പ്രതി മഹേഷ്, മൂന്നാം പ്രതി അൻവർ എന്നിവർ പലതവണ ഫാം സന്ദർശിച്ചതായി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.