തൃക്കാക്കര: സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണം അട്ടിമറിച്ചിട്ട് ഒരു വർഷമായ ഇന്നലെ എൻ.ജി.ഓ. സംഘ് വഞ്ചനാദിനമായി ആചരിച്ചു. പന്ത്രണ്ട് ശതമാനം ക്ഷാമബത്ത,​ മെഡിസെപ്പ് ആരോഗ്യ പദ്ധതി, പങ്കാളിത്ത പെൻഷൻ പദ്ധതി,​ലീവ് സറണ്ടർ , തസ്തികകളും ശമ്പളവും വെട്ടിക്കുറക്കൽ എന്നിങ്ങനെ സർക്കാറിന്റെ ജീവനക്കാരോടുള്ള നിഷേധാത്മകമായ നിലപാടിനെതിരെയും പ്രതിഷേധം രേഖപ്പെടുത്തി. എറണാകുളം ജില്ലയിലെ പ്രധാനഓഫീസ് കേന്ദ്രങ്ങൾക്ക് മുന്നിലായിരുന്നു എൻ.ജി.ഓ. സംഘിന്റെ പ്രതിഷേധം. കാക്കനാട് സിവിൽ സ്റ്റേഷന് മുന്നിൽ നടന്ന പ്രതിഷേധ സമരം എൻ.ജി.ഒ സംഘ് ജില്ലാ വൈസ് പ്രസിഡന്റ്‌ ടി.ബി ഹരി, ആലുവയിൽ ജില്ലാ സെക്രട്ടറി ശ്രീജേഷ് ടി.എസ്, കണയന്നൂർ മിനി സിവിൽ സ്റ്റേഷനിൽ ജില്ലാ സമിതി അംഗം ഷിബി കെ.ആർ, പെരുമ്പാവൂരിൽ സംസ്ഥാന സമിതി അംഗം സന്തോഷ്‌ എ.ഇ മുവാറ്റുപുഴയിൽ ജില്ലാ ഉപാദ്ധ്യക്ഷൻ സഞ്ജീവ് കെ.വിയും ഉദ്ഘാടനം ചെയ്തു. പി.പി രമേശൻ, കെ വി സന്തോഷ്‌, സുമേഷ് പി.എസ്, പി.ജി സിദ്ധാർത്ഥൻ എ ജി ചെന്താമരകണ്ണൻ, അജയൻ ജെ.എസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.