കൊച്ചി: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ എ. പ്ലസ് നേടിയ മകന് സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെടാൻ വിമാനത്താവളത്തിലെത്തിയപ്പോൾ കുഴുഞ്ഞു വീണ് മരിച്ച പ്രവാസിയുടെ കുടുംബത്തിന് സഹായഹസ്തവുമായി പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ.

കോഴിക്കോട് കുറ്റ്യാടി കായക്കൊടി സ്വദേശി പവിത്രൻ മഞ്ചക്കലാണ് ചൊവ്വാഴ്ച രാത്രി റാസൽഖൈമ വിമാനത്താവളത്തിൽ മരിച്ചത്. ഇതറിഞ്ഞ് പവിത്രന്റെ മകൻ ധനൂപിന്റെ പഠന ചിലവ് ഏറ്റെടുക്കാൻ വി.പി.എസ് ഹെൽത്ത്‌കെയർ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.ഷംഷീർ വയലിൽ സന്നദ്ധത അറിയിച്ചു. ധനൂപിന്റെ പ്ലസ്ടു, ഡിഗ്രി പഠന ചെലവുകൾ ഡോ. ഷംഷീർ വഹിക്കും. അടിയന്തര സഹായമായി അഞ്ചു ലക്ഷം രൂപ കുടുംബത്തിന് കൈമാറും.

പവിത്രന്റെ മരണത്തോടെ ഇരുട്ടിലായ കുടുംബത്തിന് ദേശീയ ഡോക്ടേഴ്‌സ് ദിനത്തിലാണ് കോഴിക്കോട് സ്വദേശി കൂടിയായ ഡോ.ഷംഷീർ വയലിൽ പിന്തുണയുമായി രംഗത്തെത്തിയത്. മൂന്ന് മാസമായി ജോലി ഇല്ലാതെ കഴിയുകയായിരുന്നിട്ടും മകന്റെ വിജയവാർത്തയറിഞ്ഞു സമ്മാനമായി പുതിയ ഫോൺ വാങ്ങിയാണ് പവിത്രൻ നാട്ടിലേക്ക് തിരിച്ചത്. കുടുംബത്തിന്റെ സ്വപ്നങ്ങൾ പൂർത്തിയാക്കാനും ധനൂപിന് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാനും ശ്രമിക്കുമെന്ന് വി.പി.എസ് ഡയറക്ടർ(ഇന്ത്യ) ഹാഫിസ് അലി ഉള്ളാട്ടിൽ അറിയിച്ചു.