കോലഞ്ചേരി: കൊവിഡ് വ്യാപനം തുടരുമ്പോൾ ടൂറിസ്റ്റ് കാർ ടാക്സി തൊഴിലാളികളിൽ ഒരാൾക്കു പോലും ഓട്ടമില്ല. വല്ലപ്പോഴും ഒരോട്ടം കിട്ടിയാൽ തന്നെ ഡീസൽ വില വർദ്ധനവിൽ നിലവിലുള്ള നിരക്കിൽ ഓടാനുമാകുന്നില്ല. ഓട്ടക്കൂലി കൂടുതൽ വാങ്ങിയാൽ പരാതിയും കേസും. സമ്പർക്ക വിലക്കിന്റെ ആദ്യ രണ്ട് ഘട്ടങ്ങളിൽ ഓട്ടമില്ലാതെ കിടന്ന വാഹനങ്ങൾ അത്യാവശ്യം പണി നടത്തിയാണ് ഇളവ് കിട്ടിയപ്പോൾ നിരത്തിലിറക്കിയത്. അതിനു തന്നെ നല്ലൊരു തുക ചെലവായി. വീട്ടുചെലവ്, കുട്ടികളുടെ പഠനം, കടബാദ്ധ്യത, വാഹന വായ്പ പ്രതിസന്ധികൾ ഒരുപാടാണ്. പകുതിയിലേറെ തൊഴിലാളികളും സ്റ്റാൻഡുകളിലേക്ക് വരാതായി. സ്റ്റാൻഡിൽ വന്നു കിടന്ന് ഒരു മാസം കഴിഞ്ഞിട്ടും ഒരോട്ടം പോലും കിട്ടാത്തവരുണ്ട്.
#പ്രതിസന്ധി കൂടുന്നു
ലോക്ക് ഡൗൺ കാലത്തെ അരപ്പട്ടിണിയിൽനിന്ന് ഇപ്പോൾ മുഴുപ്പട്ടിണിയിലേയ്ക്ക് കൂപ്പ് കുത്തുമ്പോഴും ഈ കെട്ട കാലത്തെ അതിജീവിക്കാൻ വഴി തേടുകയാണ് ഇവർ. അന്ന് കടം മേടിച്ചാണ് മിക്കവരും നിത്യ ചിലവ് നടത്തിയിരുന്നത്. ഇളവ് കിട്ടിയപ്പോൾ പ്രശ്‌നങ്ങൾക്ക് ഒരുപരിധിവരെ പരിഹാരം ഉണ്ടാകുമെന്ന് കരുതിയെങ്കിലും പ്രതിസന്ധി കൂടുകയാണ് ചെയ്തതെന്ന് പട്ടിമറ്റത്തെ ഡ്രൈവറായ സിജു പറയുന്നു.
#വരുമാനം അഞ്ചിലൊന്ന്
ദീർഘദൂര ഓട്ടങ്ങൾ ഒന്നും തന്നെ കിട്ടുന്നില്ല. ലോക്ക് ഡൗണിന് മുമ്പ് ലഭിച്ചിരുന്നതിന്റെ അഞ്ചിലൊന്ന് വരുമാനമേ ടാക്‌സി തൊഴിലാളികൾക്ക് ലഭിക്കുന്നുള്ളൂ. വല്ലപ്പോഴും വരുന്ന ആശുപത്രിയിൽ പോകേണ്ട ഓട്ടം, വിവിധ ബാങ്കുകളിലേയ്ക്ക് പണം എടുക്കാൻ പോകുന്ന ഓട്ടം മാത്രമാണ് നിലവിലുള്ളത്.
#ഓട്ടം നിർത്തി
വാഹന ഉടമകളിൽ പലരും മറ്റു തൊഴിലെടുക്കാൻ തുടങ്ങി. പച്ചക്കറി, പഴങ്ങൾ, ഉപ്പേരി, മാസ്‌ക്, മീൻ മുതലായവ വിൽക്കാനാണ് ടാക്സി ഇപ്പോൾ ഉപയോഗിക്കുന്നത്. ഇതിനു പുറമെ കെട്ടിട നിർമാണ തൊഴിലിന് പോകുന്നവരുമുണ്ട്.
.