കൊച്ചി: എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സ പഴയത് പോലെയാകണമെന്ന് ആവശ്യം. നിലവിൽ കൊവിഡ് ആശുപത്രിയാക്കി മാറ്റിയ മെഡിക്കൽ കോളേജിൽ മറ്റ് ചികിത്സകളൊന്നും നടക്കുന്നില്ലെന്നും സംസ്ഥാനത്തെ മറ്റ് മെഡിക്കൽ കോളേജുകൾ പോലെ പ്രത്യേകം ബ്ളോക്ക് മാത്രം കൊവിഡിനായി മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി പി.ടി തോമസ് എം.എൽ.എ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. എന്നാൽ, നിലവിൽ ജില്ലയിലെ മെഡിക്കൽ കോളേജിലെ വിഭാഗങ്ങളെല്ലാം ജനറൽ ആശുപത്രിയ്ക്കും ആലുവ ജില്ലാ ആശുപത്രിയ്ക്കും വിഭജിച്ച് നൽകിയിരിക്കുകയാണെന്നും മെഡിക്കൽ കോളേജിലെ എല്ലാ വിഭാഗം ഡോക്ടർമാർക്കും ജീവനക്കാർക്കും കൊവിഡ് ഡ്യൂട്ടി വിഭജിച്ച് നൽകിയിരിക്കുകയാണെന്നും അധികൃതർ പറയുന്നു.കൊവിഡ് ഭീതിയിൽ സാമ്പത്തികമായി തളർന്നിരിക്കുന്ന പലർക്കും സ്വകാര്യ ആശുപത്രികളിലെ ചികിത്സ താങ്ങാനാവുന്നതല്ല. എറണാകുളം ഉൾപ്പെടെ സംസ്ഥാനത്തെ മൂന്ന് മെഡിക്കൽ കോളേജുകളൊഴികെ മറ്റുള്ള മെഡിക്കൽ കോളേജുകളിൽ കൊവിഡ് ചികിത്സയ്ക്കായി പ്രത്യേക ബ്ളോക്കും മറ്റു ചികിത്സയ്ക്കായെത്തുന്നവർക്ക് മറ്റൊരു ബ്ളോക്കുമാണ് നൽകിയിരിക്കുന്നത്. എറണാകുളം മെഡിക്കൽ കോളേജിലും ഒരു ബ്ളോക്ക് കൊവിഡ് ആശുപത്രിയായി പ്രവർത്തിപ്പിക്കുന്നതിനായി മാറ്റി മറ്റൊരു ബ്ലോക്ക് മറ്റ് രോഗങ്ങൾക്കായി നൽകണമെന്നുമാണ് ആവശ്യം. അതേസമയം, കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇത് പ്രാവർത്തികമാക്കുന്നത് ദുഷ്കരമായിരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഇതിനോടകം 280 കൊവിഡ് രോഗികളെയാണ് എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സിച്ചിട്ടുള്ളത്.

#മൂന്ന് മാസമായി ശസ്ത്രക്രിയകളൊന്നും നടക്കുന്നില്ല

എറണാകുളം മെഡിക്കൽ കോളേജിൽ കഴിഞ്ഞ മൂന്ന് മാസമായി ശസ്ത്രക്രിയകളടക്കമുള്ള മറ്റ് ചികിത്സകളൊന്നും നടക്കുന്നില്ല. ഇത്രകാലമായി ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററും ഉപകരണങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. മറ്റ് രോഗങ്ങൾ ഉള്ളവ‌ർക്ക് ഇവിടെ ചികിത്സ ലഭിക്കാത്തതിനാൽ പാവപ്പെട്ടവർ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണെന്ന് എം.എൽ.എ കത്തിൽ ചൂണ്ടിക്കാട്ടുന്നു.