കൊച്ചി: പഠിച്ചിറങ്ങിയ കലാലയത്തിലെ ക്ലാസ് മുറി പൊളിച്ചുവില്ക്കുന്നതു കണ്ടപ്പോൾ ധർമ്മതീർത്ഥന്റെ നെഞ്ചു പൊള്ളി. കട്ടിളയും കതകും പറഞ്ഞ വിലയ്ക്കുവാങ്ങി വീടിന് ഉമ്മറപ്പടിയാക്കി സങ്കടം തീർത്തു, തൃപ്പൂണിത്തുറ ആർ.എൽ.വി സംഗീത കോളേജിലെ ആ പൂർവവിദ്യാർത്ഥി. പുതിയ വീടിന് ആർ.എൽ.വി സംഗീത ഭവൻ എന്ന് പേരുമിട്ടു. കഥ തീർന്നില്ല; സ്വന്തം വീടായ ആർ.എൽ.വിയിൽ നിന്ന് ധർമ്മതീർത്ഥന് ഇനി പഴയ ആർ.എൽ.വിയിലേക്ക് ജോലിക്കു പോകാം! ഹൃദയത്തോട് ചേർത്തുപിടിച്ച കോളേജിൽ വീണാവിഭാഗം ലക്‌ചറർ ആയി ധർമ്മതീർത്ഥന് നിയമനം ലഭിച്ചത് മുപ്പത്തിനാലാം വയസിൽ, കഴിഞ്ഞ മാസം 26 ന്.
2003 ൽ ബി.എ (വീണ) വിദ്യാർത്ഥിയായാണ് കൊടുങ്ങല്ലൂർ മേത്തല തേവാലിൽ ധർമ്മതീർത്ഥൻ ആർ.എൽ.വിയിൽ എത്തുന്നത്. 2006 ൽ ബിരുദാനന്തര ബിരുദത്തിനു ചേർന്നെങ്കിലും പഠനം മുടങ്ങി. രണ്ടു വർഷത്തിനു ശേഷം കോഴ്സ് പൂർത്തിയാക്കി. 2016 മുതൽ മൂന്നുവർഷം ഗസ്റ്റ് അദ്ധ്യാപകൻ. 2008 ൽ പൂർണത്രയീശന്റെ വൃശ്ചികോത്സവത്തിനെത്തിയപ്പോൾ പഴയക്ലാസ് മുറി പൊളിക്കുന്നതു കണ്ട് ധർമ്മതീർത്ഥന്റെ കണ്ണു നിറഞ്ഞു.
പക്ഷെ, സങ്കടപ്പെട്ട് വെറുതെയിരുന്നില്ല. കെട്ടിടം പൊളിക്കാൻ കരാറെടുത്ത മലപ്പുറത്തുകാരൻ സേട്ടുവിനെക്കണ്ട്, ക്ളാസ് മുറിയുടെ കട്ടിളയും കതകും കുറെ ഉരുപ്പടികളും ഏഴായിരം രൂപയ്ക്ക് വാങ്ങി. വീടുപണിയെക്കുറിച്ചൊന്നും അതുവരെ ചിന്തിച്ചിട്ടേയില്ല. പിന്നെ സംഭവിച്ചതെല്ലാം യാദൃച്ഛികം. വീട് മാത്രമായി മനസ്സിൽ. പഴയ മാതൃകയിലെ നാലുകെട്ടാണ് ഉള്ളിൽ. പലസ്ഥലങ്ങളിൽ നിന്നായി, പൊളിച്ചുവിൽക്കുന്ന അറയും നിരയുമുൾപ്പെടെ വിലയ്ക്കു വാങ്ങി. 40 ലക്ഷത്തോളം രൂപ ചെലവഴിച്ച് കഴിഞ്ഞ മാസം വീടുപണി ഏതാണ്ട് പൂർത്തിയാക്കി താമസം തുടങ്ങിയപ്പോൾ സരസ്വതീ കടാക്ഷം പോലെ വരുന്നു, കോളേജിൽ സ്ഥിരനിയമന ഉത്തരവ്. ലോക്ക് ഡൗൺ കഴിഞ്ഞ്, പഴയ കലാലയത്തിലേക്ക് അദ്ധ്യാപകനായെത്തുന്നത് മനസ്സിൽ കാണുമ്പോൾ ധർമ്മതീർത്ഥന്റെ നെഞ്ചിൽ ആഹ്ളാദശ്രുതി.
ആർ.എൽ.വി മ്യൂസിക് കോളേജ്
# ദക്ഷിണേന്ത്യയിലെ ശാന്തിനികേതൻ
# 1937ൽ കൊച്ചി രാജകുടുംബത്തിലെ മഹാരാജ കേരളവർമ്മ കൊച്ചുണ്ണി തമ്പുരാനാണ് സ്ഥാപിച്ചത്
# മകൾ രാധയുടെയും ഭാര്യ ലക്ഷ്മിയുടെയും പേരു ചേർത്ത് രാധാലക്ഷ്മി വിലാസം (ആർ.എൽ.വി) എന്നു പേരിട്ടു
# 1956ൽ കോളേജ് സർക്കാർ ഏറ്റെടുത്തു. 1998ൽ എം.ജി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്തു
# 13 ബിരുദകോഴ്സുകളും 13 ബിരുദാനന്തര കോഴ്സുകളും
# 500ൽപ്പരം വിദ്യാർത്ഥികളും 60 അദ്ധ്യാപകരും