panagadu
പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യാറാക്കിയ ബ്രേക്ക് ദി ചെയിൻ ഡയറിയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി പനങ്ങാട് എസ്.ഐ സി.വി. ജേക്കബ്ബിന് നൽകി ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്: ബ്രേക്ക് ദി ചെയിൻ ഡയറിയുമായി കൊവിഡ് വ്യാപന നിയന്ത്രണ പ്രവർത്തനങ്ങളിൽ അണിചേർന്ന് പനങ്ങാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റംഗങ്ങൾ. ഒരു പ്രദേശത്തെയാകെ പൊതുസ്ഥലങ്ങളിലെത്തുന്നവരുടെ വിവരങ്ങൾ ശേഖരിക്കുന്നതാണ് ബ്രേക്ക് ദി ചെയിൻ ഡയറി. പ്രദേശത്തെ സർക്കാർ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ടാക്‌സികൾ, ഓട്ടോറിക്ഷകൾ എന്നിവിടങ്ങളിലെല്ലാം ബ്രേക്ക് ദി ചെയിൻ ഡയറി ഉണ്ടാവും. സ്ഥാപനങ്ങളിലെത്തുന്നവരുടേയും ഓട്ടോ ടാക്‌സി യാത്രക്കാരുടെയും പേരും സ്ഥലവും ഫോൺ നമ്പരും ഇതിൽ രേഖപ്പെടുത്തും. കൊവിഡ് വ്യാപനമുണ്ടാകുന്ന സാഹചര്യത്തിൽ അതിന്റെ വ്യാപ്തി അളക്കാനും രോഗികളുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കാനും ഡയറിയിലെ വിവരങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് സഹായകരമാവും.

ഡയറിയുടെ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി പനങ്ങാട് എസ്.ഐ. സി.വി. ജേക്കബ്ബിന് നൽകി ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ കെ.ആർ.പ്രസാദ്, പ്രിൻസിപ്പൽ രതീദേവി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ എൻ.എസ്. അനിത, പി.ടി.എ പ്രസിഡന്റ് ടി. ആർ. ഷാജി, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ. കെ.ബിജു, ജി.ശശികുമാർ, പി.ആർ.പ്രശാന്ത് എന്നിവർ പങ്കെടുത്തു