കൊച്ചി: സംസ്ഥാന സർക്കാരിന്റെ കൊവിഡ് പ്രതിരോധ പ്രവർത്തനത്തിന് താങ്ങായി കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയും (കുഫോസ്) രംഗത്ത്. കൊറോണ വൈറസ് സാന്നിദ്ധ്യം പരിശോധിച്ച് അറിയാനുള്ള റിയൽടൈം പോളിമറൈസ് ചെയിൻ റിയാക്ഷൻ (ആർ.ടി പി.സി.ആർ) എന്ന മെഡിക്കൽ ലാബറട്ടറി ഉപകരണം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് നൽകി. വൈറസിനെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന അതിസൂക്ഷ്മഫലം നൽകുന്ന അത്യാധുനിക ആർ.ടി പി.സി.ആർ ആണ് ഇതെന്ന് രജിസ്ട്രാർ ഡോ.ബി. മനോജ്കുമാർ പറഞ്ഞു. കുഫോസിലെ ബയോകെമിസ്ട്രി ലാബിൽ ഗവേഷണ വിദ്യാർത്ഥികൾ മത്സ്യങ്ങളിലെ സൂക്ഷ്മവൈറസ് ബാധ പരിശോധിക്കുന്ന ഉപകരണമാണിത്. വൈറസ് പരിശോധന നടത്താൻ ലാബ് ടെക്‌നീഷ്യമാരുടെ കുറവുണ്ടെങ്കിൽ പരിശീലനം ലഭിച്ച ഗവേഷകരുടെ സേവനം വിട്ടുനൽകാൻ കുഫോസ് തയ്യാറാണെന്ന് അദ്ദേഹം പറഞ്ഞു.
ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. രാജൻ കൊബ്രഗഡെയുടെ നിർദേശപ്രകാരമാണ് ലബോറട്ടറി ഉപകരണം വിട്ടുനൽകിയത്. കുഫോസിലെ ബയോകെമിസ്ട്രി അദ്ധ്യാപകനായ ഡോ.ഇ.പി. പ്രീതം ഉപകരണം മെഡിക്കൽ കോളേജിന് കൈമാറി.