പറവൂർ : അനർഹമായി മുൻഗണന, അന്ത്യോദയ (ചുവപ്പ്, മഞ്ഞ) കാർഡുകൾ കൈവശം വെച്ചിട്ടുള്ളവർ അടിയന്തരമായി കാർഡുകൾ സറണ്ടർ ചെയ്തില്ലെങ്കിൽ കർശനനടപടി സ്വീകരിക്കുമെന്ന് പറവൂർ താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. സംസ്ഥാന, കേന്ദ്ര സർക്കാർ ജീവനക്കാർ, അദ്ധ്യാപകർ, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ സ്ഥിരം ജീവനക്കാർ, സർവീസ് പെൻഷൻകാർ, ആയിരം ചതുരശ്ര അടിക്ക് മുകളിൽ വീടോ, ഫ്ലാറ്റോ സ്വന്തമായുള്ളവർ, സ്വന്തമായി നാലുചക്ര വാഹനമുള്ളവർ, ഒരു ഏക്കറിൽ അധികം ഭൂമി സ്വന്തമായുള്ളവർ, ഇൻകംടാക്സ് അടക്കുന്നവർ, പ്രതിമാസം ഇരുപത്തി അയ്യായിരം രൂപയിൽ കൂടുതൽ വരുമാനമുള്ളവർ ഏതെങ്കിലും റേഷൻ കാർഡിൽ ഉൾപ്പെടുന്നുണ്ടെങ്കിൽ അത്തരം റേഷൻ കാർഡുകൾ മുൻഗണന വിഭാഗത്തിൽ നിന്നും എത്രയും വേഗം ഒഴിവാകണം.

ഇനിയൊരറിയിപ്പില്ലാതെ തന്നെ നിയമാനുസൃതമായ നടപടികൾ സ്വീകരിക്കും. റേഷൻ കാർഡിൽ അംഗങ്ങളായിട്ടുള്ളവർ ഇനിയും ആധാർ ചേർക്കാനുണ്ടെങ്കിൽ അവരുടെ ആധാർ നമ്പറുകൾ റേഷൻകടയിലെ ഇ-പോസ് മെഷീൻ വഴിയോ അക്ഷയസെന്റർ വഴിയോ ഒരു മാസത്തിനകം ബന്ധിപ്പിക്കണം.