കൊച്ചി: അകാലത്തിൽ പൊലിഞ്ഞു പോയ അഭിമന്യുവിന്റെ ഓർമ്മയിൽ മഹാരാജാസിലെ വിദ്യാർത്ഥികൾ വീണ്ടും ഒത്തുകൂട്ടി. രണ്ടു വർഷം മുമ്പ് കോളേജിന് പി​ന്നി​ൽ എസ്.ഡി.പി.ഐ , ക്യാമ്പസ് ഫ്രണ്ട് സംഘത്തിന്റെ അക്രമത്തിൽ എസ്.എഫ്.ഐ നേതാവായ അഭിമന്യു കൊല്ലപ്പെട്ടത്.

അഭിമന്യു അവസാനമായി കുറിച്ച 'വർഗീയത തുലയട്ടെ' എന്ന മുദ്രാവാക്യം സഹപ്രവർത്തകരും വിദ്യാർത്ഥികളും ചേർന്ന് ഏറ്റുവിളിച്ചു. അഭിമന്യു സ്തൂപത്തിന് മുന്നിൽ സ്ഥാപിച്ച കൊടിമരത്തിൽ എസ്.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ് പതാക ഉയർത്തി. രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം എസ്.എഫ്‌.ഐ. അഖിലേന്ത്യ പ്രസിഡന്റ് വി.പി സാനു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.എം. ആർഷോ അദ്ധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് വി.എ. വിനീഷ്, സെക്രട്ടറി കെ.എം. സച്ചിൻദേവ്, അഖിലേന്ത്യ സെക്രട്ടറിയറ്റ് അംഗം നിതീഷ് നാരായണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് എം.എസ് ശരത്, കേന്ദ്രകമ്മിറ്റി അംഗം എസ്.ശിൽപ്പ, അർജുൻ കൃഷ്ണ എന്നിവർ പങ്കെടുത്തു.

സി.പി.എം. ജില്ലാ കമ്മിറ്റിയുടെ അനുസ്മരണ യോഗം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗം സി.എം. ദിനേശ് മണി, ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ. സി. മോഹനൻ, ഏരിയ സെക്രട്ടറി പി.എൻ. സീനുലാൽ, ഡി.വൈ.എഫ്‌.ഐ. സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് എന്നിവർ പങ്കെടുത്തു.

കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ

സാനിറ്റൈസർ ഡിസ്‌പെൻസർ

അഭിമന്യുവിന്റെ ഓർമ്മയ്ക്കായി കോളേജിലെ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കാലുകൊണ്ട് പ്രവർത്തിപ്പിക്കാവുന്ന സാനിറ്റൈസർ ഡിസ്‌പെൻസർ യൂണിറ്റുകൾ എറണാകുളം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ സ്ഥാപിച്ചു. പ്രിൻസിപ്പൽ ഡോ. കെ.ജയകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ ടി.വി താജുദ്ദീൻ, കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.കെ.വി.ജയമോൾ, എ.കെ. ജി.സി.ടി ജില്ലാ സെക്രട്ടറി ഡോ.എം.എസ് .മുരളി, പ്രോഗ്രാം ഓഫീസർ ഡോ. ജൂലി ചന്ദ്ര, ഡോ.സുജ ടി.വി. എന്നിവർ പങ്കെടുത്തു. തൃശൂർ ഗവ.എൻജി​നീയറിഗ് കോളേജിന്റെ സഹായത്തോടെയാണ് സിസ്‌പെൻസർ നിർമ്മിച്ചത്.