കൊച്ചി: നഗരത്തിലെ കോളനികൾ കേന്ദ്രീകരിച്ച് ലോണുകൾ വിതരണം ചെയ്യുന്ന മൈക്രോ ഫൈനാൻസ് കമ്പനികൾ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും പിരിവ് ആരംഭിച്ചതോടെ ഗുണഭോക്താക്കളായ വീട്ടമ്മമാർ ദുരിതത്തിലാണെന്ന് ബി.ഡി.ജെ.എസ്. തൃക്കാക്കര മണ്ഡലം ജനറൽ സെക്രട്ടറി സി സതീശൻ പറഞ്ഞു.
ഭൂരിഭാഗം വരുന്ന ഗാർഹിക തൊഴിലാളികളായ വീട്ടമ്മമാർക്ക് കൊവിഡ് ബാധിച്ചതോടെ ജോലിയില്ലാത്ത സ്ഥിതിയാണ്. എന്നാൽ സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ചും മൈക്രോ ഫിനാൻസ് യൂണിറ്റുകൾ പണ പിരിവ് തുടങ്ങിയിരിക്കുകയാണ്. വീടുകൾ കയറി പിരിവുകൾ ആരംഭിച്ചു. തിരിച്ചടവ് നടത്തിയില്ലെങ്കിൽ നാലിരട്ടി പലിശ ഈടാക്കുമെന്ന ഭീഷണിയിലാണ് ഇവർ ഗുണഭോക്താക്കളെ സമീപിക്കുന്നത്. എത്രയും വേഗം മൈക്രോ ഫൈനാൻസ് കളുടെ ഈ സമയത്തെ പിരിവുകൾ അവസാനിപ്പിക്കണമെന്നും ഇരട്ടിയിലധികം പലിശ ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കുവാനും ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.