attack
മർദ്ദനത്തിൽ പരിക്കേറ്റ് ആലുവ ജില്ലാ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ചൂർണിക്കര ഗ്രാമപഞ്ചായത്ത് മെമ്പറും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സന്തോഷിൽ നിന്ന് ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ് കുമാർ മൊഴിയെടുക്കുന്നു.

# പഞ്ചായത്തംഗം മർദിച്ചെന്ന പരാതിയുമായി രണ്ട് സി.പി.എമ്മുകാർ ആശുപത്രിയിൽ

ആലുവ: ചൂർണിക്കര ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ രാജി സന്തോഷിനെ സി.പി.എമ്മുകാർ മർദിക്കുകയും അപമാനിക്കുകയും ചെയ്തതായി പരാതി. ഏഴാം വാർഡിൽ മനക്കപ്പടി കടങ്ങോടുതോട് നവീകരണവുമായി ബന്ധപ്പെട്ട് വാർഡിൽവന്ന പഞ്ചായത്ത് അസി. എൻജിനീയറുമായി സംസാരിക്കുമ്പോൾ യാതൊരു പ്രകോപവുമില്ലാതെ മർദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി.

കടുങ്ങോടുതോട് നടപ്പാത നിർമ്മാണം സംബന്ധിച്ച തർക്കത്തിനിടെയായിരുന്നു മർദനം. എസ്റ്റിമേറ്റെടുക്കാനെത്തിയ എ.ഇയോട് സി.പി.എം പ്രവർത്തകർ തട്ടിക്കയറിയത് ചോദ്യംചെയ്ത രാജിയെ മുഖത്തടിച്ചു. നിലത്ത് വീണപ്പോൾ ചവിട്ടുകയും വലതുകൈ പിടിച്ച് തിരിക്കുകയും ചെയ്തു. എ.ഇയും പഞ്ചായത്ത് ജീവനക്കാരും അക്രമം തടയാൻ ശ്രമിച്ചെങ്കിലും നടന്നില്ല. കരച്ചിൽകേട്ട് നാട്ടുകാരെത്തിയപ്പോഴാണ് അക്രമികൾ പിൻമാറിയത്. തുടർന്ന് രാജിയെ ആലുവ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. എക്സറേയിൽ വലതുകൈയുടെ രണ്ട് വിരലുകൾക്ക് പൊട്ടൽ ഉള്ളതായി കണ്ടെത്തി. ചൂർണിക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ താമസിക്കുന്ന രണ്ട് സി.പി.എം പ്രവർത്തകരാണ് അക്രമണം നടത്തിയതെന്ന് രാജി സന്തോഷ് ആലുവ സി.ഐ എൻ. സുരേഷ്‌കുമാറിന് മൊഴി നൽകി.

രാജി സന്തോഷിനെതിരെ നടന്ന ആക്രമണത്തിൽ ഡി.സി.സി വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.കെ. ജമാൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി.പി. നൗഷാദ്, യൂത്ത് കോൺഗ്രസ് മുൻ നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെഫീക്ക് എന്നിവർ പ്രതിഷേധിച്ചു. പ്രതികളെ ഉടൻ അറസ്റ്റുചെയ്യണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു. കോൺഗ്രസ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.

അതേസമയം രണ്ടുപേരെയും പഞ്ചായത്തംഗം രാജി സന്തോഷിന്റെ നേതൃത്വത്തിൽ മർദിച്ചതായി സി.പി.എം ആരോപിച്ചു. മർദ്ദനമേറ്റ ഇരുവരും ആലുവയിലെ സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണെന്നും ലോക്കൽ സെക്രട്ടറി കെ.എ. അലിയാർ പറഞ്ഞു. നടപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയം സമീപവാസികളുമായി സംസാരിച്ച് മടങ്ങുന്നതിനിടെ സ്കൂട്ടർ തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നുവെന്നാണ് സി.പി.എം പറയുന്നത്.

ഇരുകൂട്ടരുടെയും പരാതിയിൽ പൊലീസ് കേസെടുത്തതായി ആലുവ സ്റ്റേഷൻ എസ്.എച്ച്.ഒ എൻ. സുരേഷ്‌കുമാർ അറിയിച്ചു. വനിതാ പഞ്ചായത്തംഗത്തെ മർദ്ദിച്ച കേസിൽ പ്രതികൾക്കെതിരെ ജാമ്യം ലഭിക്കാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്നും പൊലീസ് പറഞ്ഞു.