കോലഞ്ചേരി: ആരോഗ്യവതിയായി ജീവിതത്തിലേക്ക് മടങ്ങിയെത്തിയ കുഞ്ഞുജെസീറ്റ ശനിയാഴ്ച ആശുപത്രി വിടും. പുല്ലുവഴിയിലെ സ്നേഹജ്യോതി അഭയ കേന്ദ്രത്തിലാണ് അമ്മയ്ക്കും കുഞ്ഞിനും താമസമൊരുക്കുന്നത്. ജില്ലാ ശിശുക്ഷേമസമിതിയും വനിതാകമ്മീഷനും ഇടപെട്ടാണ് പുല്ലുവഴിയിലേയ്ക്ക് മാറ്റുന്നത്.

അങ്കമാലിയിൽ പിതാവിന്റെ ക്രൂരതക്കിരയായ രണ്ടുമാസം പ്രായമായ പിഞ്ചു കുഞ്ഞിനെ ജീവിതത്തിലേയ്ക്ക് തിരിച്ചെത്തിക്കാൻ കഴിഞ്ഞ ചാരിതാർത്ഥ്യത്തിലാണ് കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ന്യൂറോ സർജറി വിഭാഗം. ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും ഹൃദയം കവർന്ന കുഞ്ഞിനെ പിരിയുന്ന സങ്കടത്തിലാണവർ. തീർത്തും കൈവിട്ട ജീവിതത്തിൽ നിന്നാണ് ജെസീ​റ്റ പിച്ചവച്ചെത്തുന്നത്.

കുഞ്ഞിന്റെ അമ്മ നേപ്പാളി സ്വദേശിയായ സഞ്ജാമയയെ അങ്കമാലി സ്വദേശി ഷൈജു നവമാദ്ധ്യമങ്ങൾ വഴി പരിചയപ്പെട്ടാണ് വിവാഹം കഴിച്ചത്. വിവാഹശേഷം ഷൈജുവിന്റെ അങ്കമാലിയിലെ വീട്ടിൽ കൊടിയ പീഡനമാണ് യുവതി അനുഭവിച്ചത്. ഒടുവിൽ കുഞ്ഞുപിറന്നപ്പോൾ പിതൃത്വത്തിന്റെ പേരിലുള്ള സംശയത്തിലാണ് കുഞ്ഞിനെ കാലിൽപിടിച്ച് തൂക്കി കട്ടിലിലേക്കെറിഞ്ഞത്. നേപ്പാളിലേയ്ക്ക് തിരികെ മടങ്ങാനാണ് അമ്മയ്ക്ക് താത്പര്യം.