covid

കൊച്ചി: എറണാകുളം ജില്ലയിൽ സമ്പർക്കം വഴിയുള്ള രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ നടപടി കടുപ്പിച്ച് അധികൃതർ.കൊവിഡ് നിയമ ലംഘനങ്ങൾ കണ്ടെത്താൻ പരിശോധന കർശനമാക്കാൻ പൊലീസിന് നിർദ്ദേശം നൽകിയതായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി. എസ്. സുനിൽകുമാർ പറഞ്ഞു. മാസ്‌ക് ധരിക്കാത്തവർക്കെതിരെയും വ്യാപാര സ്ഥാപനങ്ങളിൽ കൂട്ടം കൂടുന്നവർക്കെതിരെയും കർശന നടപടി സ്വീകരിക്കും. ജില്ലയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ച 12 രോഗികളിൽ എട്ടും ഇന്നലെ 9 രോഗികളിൽ നാല് പേർക്കും സമ്പർക്കം വഴിയാണ് രോഗബാധയുണ്ടായത്.

പനി, ശ്വാസതടസം തുടങ്ങിയ രോഗ ലക്ഷണങ്ങൾ ഉള്ളവർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കണം. രോഗ ലക്ഷണങ്ങൾ മറച്ചു വെക്കരുത്. പനിയോ ചുമയോ ജലദോഷമോ ഉണ്ടായാൽ നേരിട്ട് ആശുപത്രിയിൽ പോകാതെ വീട്ടിൽ തന്നെ കഴിയണം. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരമേ ചികിത്സയ്ക്കായി പുറത്തിറങ്ങാവൂ.

കൊച്ചിനഗരത്തിന്റെ ഹൃദയഭാഗത്തുള്ള ബ്രോഡ് വേ മാർക്കറ്റ് കഴിഞ്ഞ ദിവസം തന്നെ പൂട്ടിയിരുന്നു. അനാവശ്യമായി മാർക്കറ്റുകളിൽ ആളുകൾ എത്തരുതെന്നും കണ്ടെയ്ൻമെന്റ് സോണുകളിൽ ബാങ്കുകൾ ഉൾപ്പടെ അടച്ചിടാനും നിർദേശമുണ്ട്.