shamna

കൊച്ചി: സിനിമാ നടി ഷംന കാസിമിനെ വിവാഹം ആലോചിച്ച് വരന്റെ മാതാവെന്ന പേരിൽ ഫോണിൽ വിളിച്ചത് പ്രതികളിൽ ഒരാളായ ഷെരീഫിന്റെ ഭാര്യയാണെന്ന് പൊലീസിന് സൂചന ലഭിച്ചു. ഇവരുൾപ്പെടെ മൂന്നുപേർ തമിഴ്നാട്ടിൽ ഒളിവിലാണെന്നറി​യുന്നു.

വിവാഹം കഴിക്കാൻ ആലോചിച്ച സംഘത്തിൽ നിന്ന് സ്ത്രീ തന്നെ ഫോണിൽ വിളിച്ചിരുന്നതായി ഷംന കാസിം കഴിഞ്ഞ ദിവസം മൊഴി നൽകിയിരുന്നു. ടെലിഫോൺ സംഭാഷണങ്ങൾ ഉൾപ്പെടെ പരിശോധിച്ചപ്പോഴാണ് ഷെരീഫിന്റെ ഭാര്യയാണ് വിളിച്ചതെന്ന സൂചന ലഭിച്ചത്.

അറസ്റ്റിലായ ഒൻപത് പേർക്ക് പുറമെ ഷെരീഫിന്റെ ഭാര്യയും മറ്റു രണ്ടു പേരും കൂടി പ്രതികളായേക്കും. ഇവരെ അറസ്റ്റ് ചെയ്യാനുള്ള അന്വേഷണത്തിലാണ് പൊലീസ്. സംഘത്തിനെതിരെ കൂടുതൽ പെൺകുട്ടികളുടെ മൊഴി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

റഫീക്ക്, ഷെരീഫ്, ഹാരിസ് എന്നിവരാണ് ഷംനയെ ബ്ളാക്ക് മെയിൽ ചെയ്യാനും തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാനും ആസൂത്രണം ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ.

# സ്വർണം കണ്ടെടുത്തു

യുവതികളിൽ നിന്ന് സംഘം തട്ടിയെടുത്ത് പണയം വച്ചിരുന്ന ഒൻപത് പവൻ സ്വർണം പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ ദിവസം അറസ്റ്റിലായ എറണാകുളം സ്വദേശി ഷെമീലാണ് സ്വർണം പണയം വച്ചത്. മുഖ്യപ്രതി റഫീക്കിന്റെ ഭാര്യാസഹോദരനാണ് ഷെമീൽ. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണമെന്നാണ് റഫീക്ക് പണയം വയ്ക്കാൻ ഏല്പിച്ചപ്പോൾ പറഞ്ഞതെന്ന് ഷെമീൽ വെളി​പ്പെടുത്തി​. ഇത് ശരിയല്ലെന്ന നിലപാടിലാണ് അന്വേഷണ സംഘം.

# റെഫീക്കിനെതിരെ ഭാര്യയുടെ വെളിപ്പെടുത്തൽ

കേസിൽ അറസ്റ്റിലായ റഫീക്ക് ഷംന കാസിമിനോ‌ടെന്ന പേരിൽ ഫോണിൽ സംസാരിക്കുന്നത് കേട്ടെങ്കിലും വിശ്വസിച്ചില്ലെന്ന് റഫീക്കിന്റെ ഭാര്യ മാദ്ധ്യമങ്ങളോട് പറഞ്ഞു. ഭർത്താവിനെതിരെ പരാതികൾ മുൻപ് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും അവർ വെളിപ്പെടുത്തി.

റഫീക്കിന്‌ പലയിടത്തുനിന്നും വിളികൾ വരാറുണ്ടായിരുന്നു. താനത് ശ്രദ്ധിക്കാറില്ല. ഭർത്താവുമായി വഴക്ക് പതിവായിരുന്നു. ഇരിങ്ങാലക്കുട പൊലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണമൊന്നും നടന്നില്ല.

ഷംന കാസിമിനെ ബ്ളാക്ക് മെയിൽ ചെയ്യാൻ റഫീക്ക് ശ്രമിച്ചെന്ന് ടി.വി വാർത്തയിലൂടെയാണ് അറിഞ്ഞത്. ഫോണിൽ സംസാരിക്കുമ്പോൾ ഷംനയെന്ന് പറയുന്നത് കേട്ടിട്ടുണ്ട്. സിനിമാനടിയുമായി തന്റെ ഭർത്താവ് സംസാരിച്ചെന്നു പറയുന്നത് വിശ്വസിക്കാൻ എളുപ്പമല്ല. ഭർത്താവിന്‌ അത്രയൊന്നും വിദ്യാഭ്യാസമില്ല. ഒരു ഇംഗ്ളീഷ് വാക്കുപോലും അറിയില്ല. മലയാളം പോലും വായിക്കാൻ അറിയില്ല.

സഹോദരനെക്കൊണ്ട് പണയം വയ്പിച്ച സ്വർണം മറ്റുള്ളവരെ പറ്റിച്ച് കൊണ്ടുവന്നതാണെന്ന് അറിയില്ല. ലഭിച്ച പണം കറങ്ങിനടന്ന് ചെലവാക്കി. ഒരുപാട് സ്ത്രീകളുമായി ബന്ധമുണ്ടെന്ന് ഇപ്പോഴാണ് കേൾക്കുന്നത്. മുൻപും ചെറിയ കേസുകളിൽപ്പെട്ടിട്ടുണ്ട്. ഇത്രയും വലിയ കേസ് ആദ്യമാണെന്നും അവർ പറഞ്ഞു.

പ്രതികൾ കോടതിയെ സമീപിച്ചു

കൊച്ചി: ഷംന കാസിമിന്റെ വീട്ടിലെ സി.സി.ടിവി ദൃശ്യങ്ങളും വാട്‌സപ്പ് ചാറ്റും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതികൾ കോടതിയിൽ ഹർജി സമർപ്പിച്ചു. പണം തട്ടാൻ ശ്രമിച്ച കേസിൽ എട്ട് പ്രതികളെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് കാലാവധി നീട്ടി ഉത്തരവിട്ടു. ബ്ലാക് മെയിൽ കേസിൽ ഷംനയുടെ വീട്ടിലെ സി.സി.ടിവി ദ്യശ്യങ്ങൾ പരിശോധിക്കണമെന്നും അത് മജിസ്‌ട്രേറ്റ് കണ്ട് ബോദ്ധ്യപ്പെടണമെന്നും ആണ് പ്രതികൾ ആവശ്യപ്പെട്ടത്. റഫീഖുമായുള്ള വാട്‌സ് ആപ്പ് ചാറ്റ് പരിശോധിക്കണമെന്നും എറണാകുളം മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ വ്യക്തമാക്കി. എട്ട് പ്രതികളെ പൊലീസ് കസ്റ്റഡി പൂർത്തിയായതിനെ തുടർന്നാണ് കോടതിയിൽ ഹാജരാക്കിയത്.