കൊച്ചി : പത്രപ്രവർത്തക പെൻഷൻ പദ്ധതിയുടെ ചട്ടങ്ങളിൽ വിവിധ ഉത്തരവുകൾ വഴി കൊണ്ടുവന്ന മാറ്റങ്ങൾ ഉൾപ്പെടുത്തുന്നതിനും ചട്ടങ്ങൾ പരിഷ്‌കരിക്കുന്നതിനാവശ്യമായ നിർദേശങ്ങൾ സമർപ്പിക്കുന്നതിനും രൂപീകൃതമായ സമിതിയിൽ മാറ്റം വരുത്തണമെന്ന് സീനിയർ ജേണലിസ്റ്റ് ഫോറം പ്രസിഡന്റ് വി. പ്രതാപചന്ദ്രനും ജനറൽ സെക്രട്ടറി എ. മാധവനും സർക്കാരിനോട് ആവശ്യപ്പെട്ടു. ഏഴംഗ കമ്മിറ്റിയിൽ അഞ്ചുപേരും ഉദ്യോഗസ്ഥരാണ്. പെൻഷൻ പറ്റിയ മാദ്ധ്യമപ്രവർത്തകരുടെ സംഘടനാ പ്രതിനിധികളെയോ കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നിവരെയോ സമിതിയിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധാർഹമാണ്. പ്രസിദ്ധീകരണം നിലച്ചുപോയ പത്രങ്ങളിൽ നിന്നുള്ളവർക്ക് പൂർണ പെൻഷൻ നിഷേധിച്ചത് പോലുള്ള നീതിപൂർവകമല്ലാത്ത തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്നതിനും പെൻഷൻ പദ്ധതി അട്ടിമറിക്കുന്നതിനുമാണ് ഈ നടപടിയെന്ന് അവർ പറഞ്ഞു.